ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നിന്ന സന്ദീപ് വാര്യരെ തങ്ങള്‍ക്കൊപ്പം എത്തിച്ചത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് ക്യാമ്പ്. ഇന്ന് രാവിലെ മാത്രമാണ് മുന്‍ ബിജെപി വക്താവ് കോണ്‍ഗ്രസിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
സാധാരണഗതിയില്‍ കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഉള്ളില്‍ നിന്ന് തന്നെ ചോരാറുണ്ടെങ്കിലും സന്ദീപിന്റെ കാര്യത്തില്‍ അതുണ്ടായില്ല. എഐസിസി നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനൊടുവിലാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് ക്യാമ്പിലെത്തിയത്.
ബിജെപിയുമായി തെറ്റി നിന്ന സന്ദീപ് സിപിഎമ്മിലേക്ക് എന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളായ എ.കെ ബാലനും മന്ത്രി എംബി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സന്ദീപിനെ പ്രശംസിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. പിന്നീട് സന്ദീപ് വാര്യര്‍ എങ്ങോട്ട് എന്നതിനെ സംബന്ധിച്ച് ചര്‍ച്ചകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. സിപിഎമ്മിലേക്കുള്ള സന്ദീപിന്റെ പ്രവേശനം നടക്കില്ലെന്ന് മനസിലാക്കിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തിയത്.
ആദ്യ ഘട്ടം മുതല്‍ തന്നെ എഐസിസി നേതൃത്വത്തിന്റെ ഇടപെടലും ഈ വിഷയത്തില്‍ ഉണ്ടായിരുന്നു. പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറുമായി തെറ്റിയാണ് സന്ദീപ് പുറത്തേക്ക് പോയത്. പാര്‍ട്ടിക്കുള്ളില്‍ യുവാക്കളുടെ പിന്തുണയുണ്ടായിരുന്ന സന്ദീപിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി തയ്യാറാകാത്തത് ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
സംസ്ഥാനത്തെ ബിജെപി വക്താവിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കഴിഞ്ഞത് ദേശീയതലത്തിലും ചര്‍ച്ചയാക്കാനാണ് എഐസിസി നീക്കം. സംസ്ഥാനത്തെ നേതാക്കള്‍ക്ക് പുറമെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയേയും മറ്റൊരു നേതാവിനെയും സന്ദീപുമായി നേരിട്ട് സംസാരിക്കാന്‍ ചുമതലപ്പെടുത്തി. പാര്‍ട്ടിയിലെത്തിയ ശേഷമുള്ള പരിഗണനകളില്‍ എഐസിസി നേതൃത്വം തന്നെ നേരിട്ട് ഉറപ്പ് നല്‍കിയിരുന്നു.
സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് വന്നത് യാതൊരു ഉപാധികളും ഉറപ്പുകളും ഇല്ലാതെയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. തൃത്താല സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് സന്ദീപ് വാര്യര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. ഇതോടെയാണ് ഒറ്റപ്പാലം സീറ്റും ഒപ്പം കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി സ്ഥാനം എന്ന ഫോര്‍മുലയിലേക്ക് എത്തിയത്. കെപിസിസി ഭാരവാഹിത്വം സംബന്ധിച്ച് അടുത്ത പുനസംഘടനയില്‍ തന്നെ പരിഗണിക്കുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്.
Leave a Reply