മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ദേശീയ സെലക്ടറും കളിക്കാരനുമായ സന്ദീപ് പാട്ടീല്‍. ഗംഭീര്‍ സ്വയം കരിയര്‍ നശിപ്പിച്ചതാണെന്നും എന്നാല്‍ താരത്തിന് അതിന്റെ പേരില്‍ തന്നോട് ഇപ്പോഴും ദേഷ്യമാണെന്ന് സന്ദീപ് പാട്ടീല്‍ പറയുന്നു.
2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 97 റണ്‍സെടുത്ത് ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഗംഭീറിന് പക്ഷെ പിന്നീടങ്ങോട്ട് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. അതിന്റെ കാരണം എന്തുകൊണ്ടാണെന്നും അന്ന് സെലക്ടറായിരുന്ന സന്ദീപ് പാട്ടീല്‍ വിശദമാക്കുന്നു്.
2011ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷമാണ് ഗംഭീറിന് ഇന്ത്യന്‍ ടീമില്‍ നിന്നും സ്ഥാനചലനമുണ്ടായത്. അന്ന് ഇംഗ്ലണ്ടില്‍വെച്ച് പരിക്കേറ്റ താരം ഇന്ത്യയിലേക്ക് മടങ്ങിവരികയായിരുന്നു. എന്നാല്‍, നാട്ടിലേക്ക് മടങ്ങേണ്ട പരിക്ക് ഗംഭീറിനുണ്ടായിരുന്നില്ലെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു. പരിക്കേറ്റ ഗംഭീര്‍ നാട്ടിലേക്ക് തിരിച്ചുവരികയാണെന്ന വാര്‍ത്ത എന്നെ ഞെട്ടിച്ചു. ഫിസിയോയുമായി സംസാരിച്ചപ്പോള്‍ തിരിച്ചവരേണ്ട കാര്യമില്ലെന്നും കളിക്കാവുന്നതാണെന്നുമാണ് പറഞ്ഞത്. എന്നാല്‍, നാട്ടിലേക്ക് തിരിക്കാന്‍ ഗംഭീര്‍ സ്വയം തീരുമാനിക്കുകയായിരുന്നു. ഇതിനുശേഷം ഗംഭീറിന് തിരിച്ചവരാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗംഭീറിന് പകരക്കാരനായി എത്തിയ ശിഖര്‍ ധവാനും മുരളി വിജയിയും ഓപ്പണിങ് വിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയതോടെ ഗംഭീറിന്റെ വാതിലുകള്‍ അടഞ്ഞു. ഒരു സെലക്ടര്‍ എന്ന നിലയില്‍ നല്ല കളിക്കാരെ തെരഞ്ഞെടുക്കുകയാണ് തന്റെ കര്‍ത്തവ്യം. ടീമില്‍ തിരികെ കയറാന്‍ പറ്റാതായതോടെ താനാണ് ഇതിന് പിന്നിലെന്ന് ഗംഭീര്‍ സംശയിച്ചു. ആ ദേഷ്യം ഇപ്പോഴും എന്നോടു കാട്ടുന്നുണ്ട്. ഞങ്ങളുടെ സൗഹൃദത്തെ അത് ബാധിച്ചു. ഏറ്റവും മികച്ച താരമാകേണ്ടിയിരുന്ന ഗംഭീര്‍ സ്വയം തുലച്ചതാണ് കരിയറെന്നും സന്ദീപ് പാട്ടീല്‍ സൂചിപ്പിച്ചു.
Leave a Reply