ന്യൂഡല്‍ഹി: പാര്‍ട്ടി നേതാക്കളുടെ അച്ചടക്കത്തെ കുറിച്ചുളള ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രിയുമായി ബിജെപി നേതാക്കള്‍ സംവദിക്കും. ഇതിന്റെ ആദ്യ പടിയെന്നോണം ബിജെപി എംഎല്‍എമാര്‍ ഇന്ന് രാവിലെ മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി എംഎല്‍എ ആകാശ് വിജയ്‍വാര്‍ഗിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മർദിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നതിനിടയിലാണ് നടപടി. 45 എംഎല്‍എമാരുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.

മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ക്രിക്കറ്റ്​ ബാറ്റ് ഉപയോഗിച്ച്​ മർദിച്ച ആകാശ് വിജയവാര്‍ഗിയയെ തളളി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രംഗത്തെത്തിയിരുന്നു. ബിജെപി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്രട്ട​റി കൈ​ലാ​ശ് വി​ജ​യ്‌വാ​ര്‍ഗി​യ​യു​ടെ മ​ക​നാണ് ആകാശ്. എന്നാല്‍ കുറ്റം ചെയ്തയാൾ ആരുടെ മകനാണെന്ന് നോക്കേണ്ടതില്ലെന്ന് മോദി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റ രീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിൽ മോദി വ്യക്തമാക്കി. കൂടാതെ അദ്ദേഹം മർദിക്കുന്നതിനിടെ ഉപയോഗിച്ച വാക്കുകള്‍ക്കെതിരേയും മോദി പരാമര്‍ശിച്ചു. ‘എത്തരത്തിലുളള ഭാഷയാണ് നിങ്ങള്‍ ഉപയോഗിച്ചത്’ എന്ന് മോദി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശിലെ ഇൻഡോറിൽ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ മുൻസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ക്രിക്കറ്റ്​ ബാറ്റ് ഉപയോഗിച്ചാണ് ബിജെപി എംഎൽഎ മർദിച്ചത്. ആ​കാ​ശ് വി​ജ​യ്‌വാര്‍ഗി​യ​യെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ​ര​ത്തി​ലെ ഗ​ഞ്ചി കോ​മ്പൗ​ണ്ടി​ലാ​യി​രു​ന്നു സം​ഭ​വം. പട്ടാപ്പകൽ പൊതുജന മധ്യത്തിൽ നടന്ന മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ​പ്രചരിച്ചിരുന്നു.
ആകാശിന് ഭോപ്പാല്‍ സ്‌പെഷ്യല്‍ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുരേഷ് സിങ് ജാമ്യം അനുവദിച്ചതിനെ തുടർന്ന് എംഎല്‍എ ഇന്‍ഡോര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മർദിക്കുകയും സംസ്ഥാനത്തെ പവര്‍ കട്ടിനെതിരെ ഇന്‍ഡോറിലെ രാജ്ബറയില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്ത രണ്ട് കേസുകളിലാണ് ജാമ്യം ലഭിച്ചത്. ആക്രമണ കേസില്‍ 50,000 രൂപയും മറ്റ് കേസില്‍ 20,000 രൂപയും വ്യക്തിഗത ജാമ്യ ബോണ്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജയിലില്‍ വളരെ മികച്ച അനുഭവമാണ് തനിക്കുണ്ടായതെന്ന് പുറത്തിറങ്ങിയ അദ്ദേഹം പറഞ്ഞു.