മലയാളം യു കെ ന്യൂസ് സ്പെഷ്യല്‍ : ജോജി തോമസ്
എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു ടോമിന്‍ ജെ തച്ചങ്കരി. ഔദ്യോഗിക ജീവിതത്തിന്റെ ആരംഭത്തില്‍ ആലപ്പുഴ എഎസ്പി ആയിരിക്കുന്ന അവസരത്തില്‍ യുവാവിനെ അനധികൃതമായി കസ്റ്റഡിയില്‍ എടുത്ത് മൂന്നാംമുറ പ്രയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങി തച്ചങ്കരിക്കെതിരെ എക്കാലവും ആരോപണങ്ങളുടെ പെരുമഴ തന്നെയായിരുന്നു. വ്യാജ സിഡി നിര്‍മാണം, അനധികൃതമായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതുമെല്ലാം ഇതില്‍ ചിലതു മാത്രമാണ്. വിദേശരാജ്യങ്ങള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അനുമതിയില്ലാതെ സന്ദര്‍ശിച്ചതിന് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഒന്നര വര്‍ഷത്തോളം സസ്പെന്റ് ചെയ്ത് സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.
വിദേശരാജ്യങ്ങളില്‍ തീവ്രവാദ ബന്ധമുള്ളവരെ സന്ദര്‍ശിച്ചതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണവും നേരിട്ടിരുന്നു. 1996നും 2001നും ഇടയില്‍ 72 തവണയോളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച തച്ചങ്കരി അനധികൃതമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടത്തുക, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി ധാരാളം ആരോപണങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. പക്ഷെ ഓരോ ആരോപണത്തിനുശേഷവും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്ന തച്ചങ്കരിയെയാണ് കേരളജനത കണ്ടിരിക്കുന്നത്. രാഷ്ട്രീയ മേലാളന്മാരുമായുള്ള അടുത്ത ബന്ധമാണ് തച്ചങ്കരിയെ സഹായിക്കുന്നത്. സെന്‍കുമാര്‍ ഡിജിപി പോസ്റ്റില്‍ തിരിച്ചെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും താല്‍പര്യങ്ങള്‍ തച്ചങ്കരിയാണ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലിരുന്ന് സംരക്ഷിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള തച്ചങ്കരിയുടെ ബന്ധം കൈരളി ടിവിയുടെ സ്റ്റുഡിയോ ഫര്‍ണീഷ് ചെയ്തു കൊടുത്തപ്പോള്‍ തുടങ്ങിയാണ്. യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ടോമിന്‍ തച്ചങ്കരിയെ എഡിജിപി ആയിട്ട് സ്ഥാനക്കയറ്റം നല്‍കിയത് തന്നെ വന്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. തച്ചങ്കരിയുടെ സഹപ്രവര്‍ത്തകയും ശ്രദ്ധിക്കപ്പെടുന്ന വനിതാ ഐപിഎസ് ഓഫീസറുമായ ആര്‍ ശ്രീലേഖ ടോമിന്‍ തച്ചങ്കരി തന്നെ കഴിഞ്ഞ 20 വര്‍ഷമായി ദ്രോഹിക്കുകയാണെന്ന് പരസ്യപ്രസ്താവന നടത്തിയത് കോളിളക്കം സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കെ.എസ്.ആര്‍.ടി.സിയുടെ മേധാവിയായി തച്ചങ്കരി ചുമതലയേറ്റടുത്തത്. മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ജന്മദിനത്തില്‍ എല്ലാ ആര്‍ടിഒ ഓഫീസിലും കേക്ക് മുറിക്കാന്‍ നിര്‍ദേശം നല്‍കി പുറത്തുപോയ തച്ചങ്കരിക്ക് ഒരു മധുരപ്രതികാരമാണ് കെഎസ്ആര്‍ടിസിലേക്കുള്ള മടങ്ങിവരവ്.
പക്ഷേ ഇവിടെയും തച്ചങ്കരി പബ്ലിസിറ്റിയിലും മാധ്യമ ശ്രദ്ധയിലുമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ മാധ്യമങ്ങളില്‍ വാര്‍ത്ത വരാനായിട്ടുള്ള ശ്രമങ്ങളാണ് കൂടുതല്‍. മുഖ്യമന്ത്രിയുമായിട്ടുള്ള അടുപ്പം ഉപയോഗിച്ച് കഴിഞ്ഞ് മാസം മുപ്പതാം തിയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിച്ചിരുന്നു. അതിലുപരിയായി ഡ്രൈവറും കണ്ടക്ടറും മെക്കാനിക്കുമായുള്ള വേഷംകെട്ടല്‍ മാധ്യമശ്രദ്ധ ലഭിക്കാനുള്ള അടവുകള്‍ മാത്രമാണ്. എല്ലാ ജോലിക്കും അതിന്റേതായ പരിചയവും അറിവും വേണം. തച്ചങ്കരി നന്നാക്കുന്നതും ഓടിക്കുന്നതുമായ വാഹനങ്ങളില്‍ യാത്രക്കാര്‍ സുരക്ഷിതമായിരിക്കില്ല. കെഎസ്ആര്‍ടിസിയുടെ എംഡി ആ ജോലിയാണ് ചെയ്യേണ്ടത്. കെഎസ്ആര്‍ടിസി മേധാവിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ പല പ്രസ്താവനകളിലും സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് എല്ലാ ഉത്തരവാദിത്തവും തൊഴിലാളികളാണെന്നാണ് ധ്വനി. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വര്‍ഷങ്ങളായി നടത്തുന്ന കോര്‍പ്പറേറ്റ് അഴിമതിക്കതിരെ ശബ്ദിച്ചു കണ്ടില്ല.
മാധ്യമങ്ങള്‍ തച്ചങ്കരിക്ക് എന്നും ഒരു ബലഹീനതയാണ്. 2004ല്‍ ആന്റിപൈറസി സെല്ലിന്റ െതലവനായിരിക്കെ വ്യാജ സിഡിക്കെതിരെയുള്ള പരസ്യത്തില്‍ സ്വയം അഭിനയിച്ച ടോമിന്‍ തച്ചങ്കരി രണ്ട് വര്‍ഷത്തിനു ശേഷം സ്ഥാനത്തു നിന്ന് മാറിയപ്പോള്‍ പകരം വന്ന സഹപ്രവര്‍ത്തകന്‍ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാന്‍ സ്റ്റുഡിയോയില്‍ വ്യാജസിഡിക്കായി റെയ്ഡ് നടത്തിയത് കോളിളക്കം സൃഷ്ടിച്ചിരുന്നു. റെയ്ഡിനു ചെന്ന ഉദ്യോഗസ്ഥനെ പരിശോധനയുടെ ഇടയില്‍ തിരിച്ചു വിളിച്ചതും പകരം മറ്റൊരു ഉദ്യോഗസ്ഥനെ പിറ്റേദിവസം പരിശോധനയ്ക്ക് അയച്ചതുമെല്ലാം വ്യാജ സിഡിക്കെതിരെ പരസ്യത്തില്‍ അഭിനയിച്ച തച്ചങ്കരിയുടെ തനിനിറം പുറത്തുകൊണ്ടുവന്നും കേരളത്തിലെ സാധാരണക്കാരന്റെ ഔദ്യോഗിക വാഹനമായ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇത്തരത്തിലൊരു കണ്‍കെട്ട് ആകരുതെന്നാണ് കെഎസ്ആര്‍ടിസിയെ സ്‌നേഹിക്കുന്ന സാധാരണക്കാരന്റെ ആഗ്രഹം.
Leave a Reply