തിരുവനന്തപുരം∙ വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന കുറ്റകരമായ സന്ദേശങ്ങളുടെ പേരിൽ ഗ്രൂപ്പ് അഡ്മിൻമാരെ ശിക്ഷിക്കാനാകില്ലെന്ന് ഐടി വിദഗ്ധൻ. ഗ്രൂപ്പിലെ ഒരംഗം ചെയ്യുന്ന പോസ്റ്റിലെ കുറ്റകൃത്യത്തിന് അഡ്മിനും തുല്യപങ്കാളികളായിരിക്കുമെന്നു വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് എതിരഭിപ്രായങ്ങളുമായി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) വൈസ് ചെയർമാൻ അൻവർ സാദത്ത് രംഗത്തെത്തിയത്.

കേവലം ഒരു ‘വേദി’ ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പിൽ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ബാധ്യത വരില്ല. എന്നാൽ ആ വിനിമയം പ്രോത്സാഹിപ്പിക്കാൻ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയിൽപ്പെട്ടാലോ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ അറിയിച്ചാലോ അവ മാറ്റാതിരിക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്– അൻവർ സാദത്ത് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ രൂപം:

‘വാട്സാപ് ഗ്രൂപ്പിലെ ഒരംഗം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതുവഴി നടത്തിയ കുറ്റകൃത്യത്തിന്‌ അഡ്മിനും തുല്യ പങ്കാളിയാണെന്നാണ് ഐടി നിയമത്തിൽ പറയുന്നത്’ എന്ന തരത്തിലുള്ള വാർത്ത ഇപ്പോഴാണു കണ്ടത്. ഇതു ശരിയല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഐടി ആക്റ്റിൽ വാട്സാപ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അഡ്മിന്മാർ ‘intermediaries’ (മധ്യവർത്തികൾ / ഇടനിലക്കാർ) എന്ന ഗണത്തിലാണു പെടുക. ഗൂഗിളും ഫെയ്സ്ബുക്കും മുതൽ സാധാരണ സൈബർ കഫേകൾ വരെ ഈ വിഭാഗത്തിലാണ്.

ഐടി ആക്ടിന്റെ 79–ാം വകുപ്പു പ്രകാരം മറ്റാരാലെങ്കിലും ഉൽപാദിപ്പിക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ (third party information) ഉത്തരവാദിത്വം വേദിയൊരുക്കുന്നതുകൊണ്ടു മാത്രം മധ്യവർത്തികൾക്ക് ഇല്ല. അതായത് അഡ്മിന്‍മാർക്കു താഴെപ്പറയുന്ന മൂന്നു കാര്യങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഉത്തരവാദിത്വം ഇല്ല

∙ ആ വിവരം തയ്യാറാക്കുന്നത് (source) അവരല്ലെങ്കിൽ

∙ അത് ആർക്കയക്കണം എന്ന് തീരുമാനിക്കുന്നത് അവരല്ലെങ്കിൽ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

∙ അതിലെ ഉള്ളടക്കം തിരഞ്ഞെടുക്കാനോ, അതിൽ മാറ്റം വരുത്താനോ അവർക്ക് അധികാരമില്ലെങ്കിൽ

അതായത് കേവലം ഒരു വേദി ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പിൽ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ബാധ്യത വരില്ല . എന്നാൽ ആ വിനിമയം പ്രോത്സാഹിപ്പിക്കാൻ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയിൽപ്പെട്ടാലോ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ അറിയിച്ചാലോ അവ മാറ്റാതിരിക്കലും ശിക്ഷാർഹമാണ്.

ഇത്തരം വിവരങ്ങൾ ‘like’ ചെയ്യുന്നത് ശിക്ഷാർഹമാണ് എന്നു പറയാൻ കഴിയുമെന്നു തോന്നുന്നില്ല. എന്നാൽ അവ ‘Foreward / Share’ ചെയ്യുമ്പോൾ അത് transmission (പ്രസരണം) ആണ്. ഉറവിടം പോലെത്തന്നെ നാമും അതിന്റെ ഭാഗമാകുകയാണ് . ഇക്കാര്യത്തിലാണ് കൂടുതൽ ജാഗ്രത വേണ്ടത്.

പിൻകുറിപ്പ് :

79–ാം വകുപ്പിനു വലിയൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. 2000 ഒക്ടോബർ 17ന് ആണ് ഇന്ത്യയിൽ ‘ഐടി ആക്ട് 2000’ എന്ന പേരിൽ സൈബർ നിയമം നിലവിൽ വന്നത്. 2004 ഡിസംബറിൽ ഡൽഹി പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ അശ്ലീല വീഡിയോ bazee.com എന്ന പോർട്ടലിൽ വിൽപനക്കായി പ്രദർശിപ്പിച്ചതിൽ ഐടി ആക്ടിലെ 85, 67 വകുപ്പുകൾ പ്രകാരം പോർട്ടലിന്റെ സിഇഒ ആയ അവിനാശ് ബജാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് ഇന്ത്യൻ ഐടി വ്യവസായ മണ്ഡലത്തിൽ കോളിളക്കം സൃഷ്ടിച്ചു.

നെറ്റ്‌വർക്ക് സേവന ദാതാക്കളുടെ അറിവോടെയല്ലാതെ അവരുടെ നെറ്റ്‌വർക്ക് വഴി നടത്തുന്ന നിയമ ലംഘനങ്ങൾക്ക് അവർ ഉത്തരവാദികൾ അല്ല എന്ന് ആക്ടിലെ 79–ാം വകുപ്പിൽ അന്നും പറഞ്ഞിരുന്നുവെങ്കിലും ഇപ്രകാരം തങ്ങൾ ഉത്തരവാദികളല്ല എന്നു ‘തെളിയിക്കേണ്ട ബാധ്യതയും’ അന്നത്തെ നിയമ പ്രകാരം അവർക്കായിരുന്നു. അതായത് തങ്ങളുടെ ടെലിഫോൺ നെറ്റ്‌വർക്കിലൂടെ നടത്തുന്ന നിയമ വിരുദ്ധ ഫോൺ വിളികളുടെ ഉത്തരവാദിത്വം ടെലികോം കമ്പനികൾ ഏറ്റെടുക്കണം എന്നു പറയുന്നതു പോലെ വിചിത്രമാണ് ഈ വകുപ്പ് എന്നായിരുന്നു അന്നത്തെ വിമർശനം.

ഇതേത്തുടർന്ന് 2005 ജനുവരിയിൽ സൈബർ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ സമിതിയെ നിശ്ചയിച്ചു. നാലു വർഷവും കഴിഞ്ഞു 2009 ഫെബ്രുവരിയിലാണ് സൈബർനിയമത്തിൽ ഭേദഗതികൾ ഉൾപ്പടെയുള്ള ഗസറ്റ് വിജ്ഞാപനം വന്നതും, ആദ്യം സൂചിപ്പിച്ച ഭാഗം  (Exemption from liability of intermediariy in certain cases) നിയമത്തിൽ ഉൾപ്പെടുത്തുന്നതും.