ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ എന്ന പേരില്‍ നിയമം പാസാക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് ഗവണ്മെന്റ്. വാട്‌സാപ്പും സിഗ്നലും പോലെയുള്ള ആപ്പുകള്‍ക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്താനാണ് നീക്കം. എന്നാൽ ഇതിനെതിരെ ആപ്പ് മേധാവികളും പരസ്യമായി രംഗത്ത് വന്നു. ബ്രിട്ടനിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാൻ തയാറാണെന്ന് വാട്‌സാപ്പ് മേധാവി വില്‍ ക്യാത്കാര്‍ട്ട് അറിയിച്ചു. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് വില്‍ ക്യാത്കാര്‍ട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടന്റെ പുതിയ ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അനുവദിച്ചേക്കില്ല, അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിചേർത്തു.
‘കൂടാതെ, തങ്ങളുടെ 98 ശതമാനം ഉപയോക്താക്കളും ബ്രിട്ടന് വെളിയിലാണ് ഉള്ളത്. അവരാരും വാട്‌സാപ്പിന്റെ സുരക്ഷാ സംവിധാനം കുറയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അടുത്തയിടെ ഇറാനില്‍ വാട്‌സാപ്പ് നിരോധിച്ചു. എന്നാല്‍, ഇന്നേവരെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രവും അങ്ങനെ ചെയ്തിട്ടില്ല’ ക്യാത്കാര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിഗ്നലിന്റെ പ്രതികരണവും സമാനമായിരുന്നു. ബ്രിട്ടനില്‍ പ്രവര്‍ത്തനം അവസാനപ്പിച്ചേക്കാമെന്നായിരുന്നു സിഗ്നലിന്റെ പ്രസിഡന്റെ മെറഡിത് വിറ്റകര്‍ പ്രതികരിച്ചത്. യുകെയിലുള്ള സിഗ്നല്‍ ഉപയോക്താക്കള്‍ തുടര്‍ന്നും ആപ്പ് ഉപയോഗിക്കാനായി കമ്പനി എന്തും ചെയ്യും-അവരുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറുന്നതൊഴികെ എന്നായിരുന്നു മെറഡിത് പറഞ്ഞത്.
തങ്ങളുടെ പുതിയ ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ പുതിയ പാത വെട്ടിത്തുറക്കുന്ന ഒന്നാണെന്നാണ് ബ്രിട്ടൻ പറയുന്നത്. സമൂഹ മാധ്യമങ്ങളുടെയും, ഉപയോക്താക്കള്‍ സൃഷ്ടിച്ചു കൈമാറുന്ന കണ്ടെന്റിന്റെയും കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്നതാണ് ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത്. നിയമവിരുദ്ധമായ ഉള്ളടക്കം, പ്രത്യേകിച്ചും കുട്ടികളെ ഉപദ്രവിക്കുന്ന കണ്ടെന്റ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കരുത് എന്നതാണ് പ്രധാന ലക്ഷ്യം. മറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കണ്ടന്റുകളും തടയാനാണ് ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത്. ബില്ലിന്റെ കരടു രൂപം 2021 മെയിലാണ് പുറത്തുവിട്ടത്. ഇതിലെ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തുവരികയാണ്.
Leave a Reply