ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ അടുത്ത പൊതു തിരഞ്ഞെടുപ്പ് ഒക്ടോബർ മാസത്തിൽ നടക്കുമെന്ന സൂചനകൾ പുറത്തുവന്നു. ചാൻസിലർ ജെറമി ഹണ്ട് ആണ് ഒക്ടോബറിൽ പൊതു തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളിലേയ്ക്ക് ചർച്ചകൾ തുറന്നത്. സർക്കാരിൻറെ അടുത്ത അവലോകനം അടുത്തമാസം ഏപ്രിലിൽ പൂർത്തീകരിക്കപ്പെടുമെന്നും പൊതു തിരഞ്ഞെടുപ്പ് ഒക്ടോബർ മാസത്തിലാണെങ്കിൽ ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കാൻ ഉണ്ടെന്നും ചാൻസിലർ പറഞ്ഞതാണ് വൻ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.

സമയക്രമം അനുസരിച്ച് 2025 ജനുവരി 25 വരെ നിലവിലെ സർക്കാരിനെ കാലാവധിയുണ്ട്. എങ്കിലും പ്രധാനമന്ത്രി ഋഷി സുനകിന് വേണമെങ്കിൽ നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാം. നേരത്തെ മെയ് 2 – ന് തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെ പ്രധാനമന്ത്രി തള്ളി കളഞ്ഞിരുന്നു. പക്ഷേ ഈ വർഷം രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതകളാണ് പ്രധാനമന്ത്രിയും പങ്കു വച്ചത്.

അടുത്ത പൊതു തിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിനായി ഇരുപക്ഷവും കിണഞ്ഞു പരിശ്രമിക്കുകയാണ്. 2010 -ൽ അധികാരം വിട്ടൊഴിഞ്ഞതിനു ശേഷം ലേബർ പാർട്ടിക്ക് ഇതുവരെ യുകെയിൽ ഭരണത്തിൽ എത്താൻ സാധിച്ചിട്ടില്ല. നിലവിൽ കൺസർവേറ്റീവ് പാർട്ടി നയിക്കുന്ന ഭരണപക്ഷത്തെ അപേക്ഷിച്ച് അഭിപ്രായ സർവേയിൽ മുൻതൂക്കം ലേബർ പാർട്ടിക്കാണ് . കടുത്ത പരാജയ ഭീതിയിലാണ് ഭരണപക്ഷത്തെ എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.