ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹരാരെ : സിം-ആഫ്രോ ടി-10 ലീഗിൽ ഹരാരെ ഹറികെയ്ൻസിനെ വിജയത്തിലേക്ക് നയിച്ചുകൊണ്ടായിരുന്നു സൂപ്പർ താരം ശ്രീശാന്ത് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തുകയും അതുവഴി ടീമിനെ വിജയിപ്പിക്കുകയും ചെയ്താണ് ശ്രീ സിം-ആഫ്രോ ടി-10 ലീഗിലെ അരങ്ങേറ്റം ഗംഭീരമാക്കിയത്. ഹരാരെയിൽ നടന്ന ഹരാരെ ഹറികെയ്ൻസ് – കേപ് ടൗൺ സാംപ് ആർമി മത്സരത്തിലാണ് ഹരാരെക്ക് വേണ്ടി ശ്രീശാന്ത് ഇറങ്ങിയത്. കേപ് ടൗൺ ഇന്നിങ്സിലെ അവസാന ഓവർ പന്തെറിയാൻ വേണ്ടിയാണ് നായകൻ ഓയിൻ മോർഗൻ ശ്രീയെ നിയോഗിച്ചത്.

അവസാന ഓവറിൽ എട്ട് റൺസ് ഡിഫൻഡ് ചെയ്യണമെന്നിരിക്കെ ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ശ്രീശാന്ത് ടീമിന്റെ രക്ഷകനായത്. ഈ ഓവറിൽ ഒരു ബൗണ്ടറിയാണു ശ്രീശാന്ത് വഴങ്ങിയത്. രണ്ട് ലെഗ് ബൈയും ഒരു സിംഗിളും കൂട്ടി ഏഴു റണ്‍സ് നേടാൻ മാത്രമാണ് കേപ് ടൗൺ ബാറ്റർമാര്‍ക്കു നേടാൻ സാധിച്ചത്. ഓവറിലെ അഞ്ചാം പന്തില്‍ സീന്‍ വില്യംസിനെ റണ്‍ഔട്ടാക്കിയതും ശ്രീശാന്താണ്. സൂപ്പർ ഓവറിൽ കേപ് ടൗർ ഏഴു റൺസെടുത്തപ്പോൾ അഞ്ചാം പന്തിൽ ഹരാരെ വിജയത്തിലെത്തുകയായിരുന്നു.

വിക്കറ്റ് നേടാൻ ഏത്തപ്പഴം

ക്രിക്കറ്റിൽ പല രീതിയിലുള്ള അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ജിയോ സിനിമയിൽ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വസീം ജാഫറും സഹീർ ഖാനും കളിക്കാരുടെ അന്ധവിശ്വാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. 2006ൽ ജമൈക്കയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടെസ്റ്റ്‌ മത്സരത്തിൽ വിക്കറ്റ് വീഴ്ത്താനായി ശ്രീശാന്ത് രണ്ട് ദിവസം പഴക്കമുള്ള ഏത്തപ്പഴം കഴിച്ചുവെന്ന് ജാഫർ വെളിപ്പെടുത്തി. ഏത്തപ്പഴം കഴിച്ചാൽ അഞ്ചു വിക്കറ്റ് വീഴ്ത്താമെന്ന് ആരോ ശ്രീശാന്തിനെ കളിയാക്കി. വിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ അവിടെ ഉണ്ടായിരുന്ന രണ്ട് ദിവസം പഴക്കമുള്ള ഏത്തപ്പഴം ശ്രീശാന്ത് കഴിച്ചു. മത്സരത്തിൽ ശ്രീശാന്ത് രണ്ട് ഇന്നിംഗ്‌സുകളിലുമായി ആകെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ടെസ്റ്റിൽ ഇന്ത്യ 49 റൺസിന് വിജയിച്ചു. ക്രിസ് ഗെയ്‌ൽ , ഡാരൻ ഗംഗ, രാംനരേഷ് സർവാൻ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സിൽ ശ്രീശാന്ത് വീഴ്ത്തിയത്.