കർ‌ണാടകയിലെ ബന്നേരുഘട്ട ബയോളജിക്കൽ പാർക്കിൽ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങൾ കടിച്ചുകൊന്നു. മൃഗശാല കാവൽക്കാരനായ ആഞ്ജനേയ (ആഞ്ജി–41) ആണ് കഴുത്തിൽ കടിയേറ്റ് കൊല്ലപ്പെട്ടത്. ആഞ്ജിയുടെ മാംസം കടുവകൾ ഭക്ഷിച്ചതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് കടുവകൾക്കു ഭക്ഷണം നൽകാനായി കൂടിനകത്തേക്കു കയറിയപ്പോഴായിരുന്നു സംഭവം. താത്കാലിക ജീവനക്കാരനായിരുന്ന ആഞ്ജി ഒക്ടോബർ ഒന്നിനാണ് മൃഗശാലയിൽ സ്ഥിരജോലിക്കാരനായി പ്രവേശിച്ചത്.

അഞ്ചുമണി വരെയാണു മൃഗശാലയിൽ പൊതുജനങ്ങൾക്ക് പ്രവേശനം. അതിനുശേഷം കൂടുകളിൽ നിന്നും അവശിഷ്ടങ്ങൾ നീക്കി കൂടു വൃത്തിയാക്കി ഭക്ഷണം നൽകുന്നത് പതിവായിരുന്നു. ആ സമയത്ത് സഫാരി മേഖലയിൽ കടുവകളെ നിർത്തി മറ്റൊരു ഭാഗത്താണ് ഭക്ഷണം എത്തിച്ചിരുന്നത്. എന്നാൽ ആഞ്ജി കയറുമ്പോൾ ഭക്ഷണം നൽകുന്നയിടത്തിനും സഫാരി മേഖലയ്ക്കും ഇടയിലുള്ള മതിലിന്റെ വാതിൽ അടച്ചിരുന്നില്ല.

മറ്റൊരു ജീവനക്കാരനായ ഹച്ചെഗൗഡയ്ക്കൊപ്പം ഭക്ഷണവുമായി അകത്തേക്കു കയറിയപ്പോൾ കടുവക്കുഞ്ഞുങ്ങൾ പാഞ്ഞു വരികയായിരുന്നു. സൗഭാഗ്യ എന്ന കടുവയുടെ കുട്ടികളായ വന്യയും ത്സാൻസിയുമായിരുന്നു ആക്രമിച്ചത്. എന്നാൽ ഹച്ചെഗൗഡ ഓടി രക്ഷപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടുവകളിലൊന്ന് ആഞ്ജിയുടെ കഴുത്തിലാണ് കടിച്ചത്. തൊട്ടുപിന്നാലെ രണ്ടാമത്തെ കടുവയും ആക്രമിച്ചു. സംഭവം അറിഞ്ഞതിനെത്തുടർന്ന് മറ്റു ജീവനക്കാരെത്തിയാണ് കടുവകളെ മാറ്റി ആഞ്ജിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തെപ്പറ്റി മൃഗശാല അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. കേസന്വേഷണം നടക്കുന്നതിനാൽ കൂടുതലൊന്നും പറയാനാകില്ലെന്ന് മൃഗശാല അധികൃതർ പറഞ്ഞു. രണ്ടു വർഷം മുൻപ് ഇതേ പാർക്കിൽത്തന്നെ സിംഹത്തിന്റെ ആക്രമണത്തിൽ മറ്റൊരു കാവൽക്കാരന് ഗുരുതര പരുക്കേറ്റിരുന്നു. അടുത്തിടെ അഞ്ച് ബംഗാൾ കടുവകൾ ചേർന്ന് ഒരു വെള്ളക്കടുവയെ കൊലപ്പെടുത്തിയ സംഭവവും ഉണ്ടായി.