1970 -കളിലും 1980 -കളിലും രോഗികളെ വേട്ടയാടിയ സീരിയൽ കില്ലറും മുൻ ആശുപത്രി ജീവനക്കാരനുമായ ഡൊണാൾഡ് ഹാർവിയെ സഹതടവുകാരൻ കൊലപ്പെടുത്തി. ഒഹായോ ജയിലിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.1970 – 80 കാലഘട്ടങ്ങളിൽ രോഗികളുടെ പേടിസ്വപ്നമായിരുന്നു ഹാർവി. ആശുപത്രികളിൽ അവശനിലയിൽ കിടക്കുന്ന രോഗികളെ ആയിരുന്നു ഇയാൾ വേട്ടയാടി കൊന്നിരുന്നത്. ആശുപത്രി ജീവനക്കാരൻ കൂടിയായിരുന്ന ഇയാൾ ‘മരണത്തിൻറെ മാലാഖ’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
പൊലീസിന്റെ കണക്ക് പ്രകാരം 37 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, താൻ അതിലും അധികം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹാർവി സ്വയം അവകാശപ്പെടുന്നത്. ഇയാളുടെ സ്വന്തം കണക്ക് പ്രകാരം 70 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയിരിക്കുന്നത്.67 -കാരനായ ഹാർവി ഒന്നിലധികം ജീവപര്യന്തങ്ങൾ ഒന്നിച്ച് അനുഭവിച്ച് കഴിഞ്ഞു വരികയാണ്. അതിനിടയിലാണ് കഴിഞ്ഞദിവസം സഹതടവുകാരനാൽ കൊല്ലപ്പെട്ടത്.
ഇയാൾ നടത്തിയ കൊലപാതകങ്ങൾ ‘ദയാവധങ്ങൾ’ എന്ന പേരിൽ കരുതാൻ ആകില്ല എന്ന് ഹാർവിയുടെ കേസിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടർ ആർതർ എം. നെയ് ജൂനിയർ 1987 -ൽ കോടതിയിൽ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘കൊല്ലാൻ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അവൻ കൊന്നത്’ എന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്.
തന്റെ വിചാരണ വേളയിൽ, താൻ ദയ നിമിത്തം കൊലപാതകം നടത്തിയെന്നും ഇരകളോട് മര്യാദ കാണിക്കുകയാണെന്നും ഹാർവി വാദിച്ചു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, നടപടിക്രമങ്ങൾക്കിടയിൽ പോലും ഇയാൾ യാതൊരു പശ്ചാത്താപവും കാണിച്ചില്ല, കൂടാതെ ഒരു ബോർഡിൽ ഇരകളുടെ പേരുകൾ കാണിച്ചപ്പോൾ പോലും ഇയാൾ ചിരിച്ചു.
ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, അന്ന് അയാൾ മാധ്യമങ്ങളോട് പറഞ്ഞത് ‘ഞാൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. ഞാൻ ആളുകളെ അവരുടെ ദുരിതത്തിൽ നിന്ന് കരകയറ്റുകയായിരുന്നു. എനിക്ക് എപ്പോഴെങ്കിലും അസുഖവും നിറയെ ട്യൂബുകളോ റെസ്പിറേറ്ററോ ഉണ്ടെങ്കിൽ ആരെങ്കിലും വന്ന് അത് അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ്.
തലയിണകൾ, ഒഴിഞ്ഞ ഓക്‌സിജൻ ടാങ്കുകൾ, എലിവിഷം, പെട്രോളിയം ഡിസ്റ്റിലേറ്റ്, സയനൈഡ് എന്നിവയുൾപ്പെടെ ഹാർവി തന്റെ ഇരകളെ കൊലപ്പെടുത്താൻ വിവിധ രീതികൾ ഉപയോഗിച്ചു. മരണപ്പെട്ട ഒരു രോഗിയുടെ പോസ്റ്റ്മാർട്ടം നടത്തുന്നതിനിടയിൽ രോഗിയുടെ വയറ്റിൽ നിന്നും സയനേഡ് കണ്ടെത്തിയതിനെ തുടർന്നാണ് മരണത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിക്കുന്നത്. ആ അന്വേഷണങ്ങൾ ഒടുവിൽ ഹാർവെയിലേക്ക് എത്തിച്ചേരുകയായിരുന്നു.
Leave a Reply