തിരുവനന്തപുരം: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെ പരിഗണിക്കാന്‍ നീക്കം. സംസ്ഥാന ബിജെപി ഘടകത്തില്‍ ഇതേച്ചൊല്ലി ഭിന്നത ഉടലെടുത്തിട്ടുണ്ട്. ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം പരാതി അയച്ചു.

ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കണ്ണന്താനത്തിന് കേരളത്തില്‍ നിന്നുള്ള സെക്രട്ടറി തന്നെ വേണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം. മുന്‍ സര്‍ക്കാരില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ പരിഗണിക്കരുതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. പ്രശാന്തിനെ നിയമിക്കാനുള്ള നീക്കം ഇതിനു വിരുദ്ധമാണെന്നാണ് ആരോപണം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. എം.കെ.രാഘവന്‍ എംപിയുമായുണ്ടായ ഏറ്റമുട്ടല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ഇവര്‍ പരാതിയില്‍ ഉന്നയിക്കുന്നു.