ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തി ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) കേസുകൾ കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ കോവിഡിന്റെ സമയത്തെ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു . ജനീവ ആസ്ഥാനമായുള്ള ലോകാരോഗ്യ സംഘടന ജനങ്ങളെ സംരക്ഷിക്കുന്നതിന് മൂന്ന് നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. മാസ്ക് ധരിക്കൽ, ഐസോലേഷൻ, കൈകഴുകൽ എന്നീ നിർദ്ദേശങ്ങൾ തന്നെയാണ് മഹാമാരിയുടെ സമയവും നടപ്പിലാക്കിയിരുന്നത്.
ചൈനയിലെ ആശുപത്രികളിൽ എച്ച് എം പി വി മൂലമുള്ള രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യുകെയിലും അണുബാധിതരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും കേസുകൾ കൂടുകയാണെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കടുത്ത ആശങ്കയിലാണ്. തിരക്കേറിയതോ വായുസഞ്ചാരമില്ലാത്തതോ ആയ ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് പരിഗണിക്കണം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു അല്ലെങ്കിൽ കൈമുട്ട് ഉപയോഗിച്ച് മൂടണം, പതിവായി കൈ കഴുകൽ പരിശീലിക്കണം, ഡോക്ടറുടെയും പ്രാദേശിക പൊതുജനാരോഗ്യ അധികൃതരുടെയും ഉപദേശപ്രകാരം ശുപാർശ ചെയ്യുന്ന വാക്സിനുകൾ എടുക്കണം എന്നും ഡബ്ല്യൂ എച്ച് ഒ വക്താവ് പറഞ്ഞു.
യുകെയിൽ എച്ച് എം പി വി കേസുകളുടെ എണ്ണം കുതിച്ചുയർന്നതിനെ തുടർന്ന് കടുത്ത സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് എൻ എച്ച് എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. രോഗലക്ഷണമുള്ളവർ മറ്റുള്ളവരോട് ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കണം. നിലവിൽ ശൈത്യകാല രോഗങ്ങൾ മൂലം എൻഎച്ച്എസ് കടുത്ത സമ്മർദ്ദത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കോവിഡ് കാലത്തിന് സമാനമായ സാഹചര്യമാണ് യുകെയിലെ ആരോഗ്യ മേഖല നേരിടുന്നത്. ആളുകൾ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ വൈറസുള്ള പ്രതലത്തിൽ സ്പർശിക്കുന്നതിലൂടെയോ ആണ് എച്ച് എം പി വി പകരുന്നത്. ചുമ, പനി ,മൂക്കടപ്പ് എന്നിവയാണ് പൊതുവായ രോഗലക്ഷണങ്ങൾ. എച്ച് എം പി വി മൂലമുള്ള പനി സാധാരണ ഇൻഫ്ലുവൻസിൽ നിന്ന് തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ചെറിയ കുട്ടികളിൽ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
Leave a Reply