ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികളുടെ ഇടയിൽ അമിതമായ മദ്യപാനാസക്തിയുടെ പ്രശ്നങ്ങൾ നിലവിലുണ്ടോ ? കേരളത്തിനെ അപേക്ഷിച്ച് മദ്യത്തിന്റെ ലഭ്യതയും ഗുണനിലവാരവും യുകെയിൽ കൂടുതലാണ്. പാർട്ടികളിലും ആഘോഷങ്ങളിലും മദ്യം യുകെയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. നിത്യ ജീവിതത്തിൻറെ ഭാഗമായ മദ്യത്തെ മിതമായ രീതിയിലാണ് ഇംഗ്ലീഷുകാർ ഉപയോഗിക്കുന്നത്. എന്നാൽ പുതിയതായി യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുൾപ്പെടെയുള്ളവരിൽ മദ്യത്തിൻറെ ഉപയോഗം വലിയതോതിൽ കൂടുന്നതിന്റെ പ്രശ്നങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മദ്യത്തിൽ നിന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ പുരുഷൻമാരും സ്ത്രീകളും പതിവായുള്ള മദ്യപാനത്തിന്റെ തോത് ആഴ്ചയിൽ 14 യൂണിറ്റിൽ കൂടരുതെന്നാണ് എൻഎച്ച്എസ് നൽകുന്ന നിർദ്ദേശം. ഒരു യൂണിറ്റ് മദ്യം എന്നത് 8 ഗ്രാം അല്ലെങ്കിൽ 10 മില്ലി ആൾക്കഹോൾ ആണ് . എന്നാൽ മദ്യം ഏത് കുറഞ്ഞ അളവിലും കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് . ചെറിയ തോതിലെ മദ്യപാനം ചില രോഗങ്ങളെ എങ്കിലും അകറ്റി നിർത്തുമെന്ന ഗവേഷണ റിപ്പോർട്ടുകളും നിലവിലുണ്ട്.

ഇടയ്ക്കിടയ്ക്ക് മാത്രം മദ്യം കഴിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ പതിവായി മദ്യം കഴിക്കുന്നവർക്ക് കൂടുതൽ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ചൈനയിൽ നടത്തിയ പഠനഫലം തെളിയിക്കുന്നത്. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ പ്രകാരം മദ്യപാനം ചൈനയിലെ പുരുഷന്മാരിൽ അറുപതോളം രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഹൃദ്രോഗം , കരൾ രോഗങ്ങൾ , സ്ട്രോക്സ് എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾക്ക് മദ്യപാനം കാരണമാകുന്നുണ്ടെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. ശരാശരി 52 വയസ്സുള്ള 512,000 മുതിർന്നവരിലാണ് പഠനം നടത്തിയത്.
	
		

      
      



              
              
              




            
Leave a Reply