ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോവിഡ് മഹാമാരിക്ക് ശേഷം ഈ വർഷം പ്രസിദ്ധീകരിച്ച എ – ലെവൽ ഫലങ്ങളിൽ ഏറ്റവും നല്ല പ്രകടനമാണ് യുകെയിലെ വിദ്യാർത്ഥി വിദ്യാർഥിനികൾ കാഴ്ചവെച്ചത്. മലയാളി കുട്ടികളും നല്ല വിജയം നേടി. അതുകൊണ്ടു തന്നെ മിക്കവർക്കും ഏറ്റവും നല്ല യൂണിവേഴ്സിറ്റികളിൽ ആഗ്രഹിച്ചിരുന്ന കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. എന്നിരുന്നാലും ലണ്ടനിലെ കുട്ടികളുടെ പ്രകടനങ്ങൾ ഇംഗ്ലണ്ടിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ഥലങ്ങളിലെ കുട്ടികൾ നേടിയ ഗ്രേഡുകളും തമ്മിലുള്ള അന്തരം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
തങ്ങളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം അസമത്വങ്ങൾ നിലനിൽക്കുന്നത് നിരാശജനകമാണെന്നാണ് ഇതിനോട് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പ്രതികരിച്ചത്. ഇതിന് പിന്നാലെ ലണ്ടനിലെ സ്കൂളുകൾ മുൻനിരയിൽ എത്താനുള്ള കാരണങ്ങൾ ആണ് മാധ്യമങ്ങളിൽ വാർത്തയാകുന്നത്. തലസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താൻ ബ്ലെയർ സർക്കാർ കൊണ്ടുവന്ന ലണ്ടൻ ചലഞ്ചാണ് ഇതിന് പ്രധാന കാരണമെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. പ്രതിവർഷം 40 മില്യൺ പൗണ്ട് ആണ് ഈ പദ്ധതിയിൽ സർക്കാർ വകയിരുത്തുന്നത്. ഉയർന്ന ശതമാനവും സാംസ്കാരിക പൈതൃകവും കാരണം മികച്ച അധ്യാപകർ ലണ്ടനിൽ ജോലി ചെയ്യാൻ കൂടുതൽ താൽപര്യപ്പെടുന്നതാണ് മറ്റൊരു കാരണം. കുടിയേറ്റമാണ് മറ്റൊരു ഘടകമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കുടിയേറ്റത്തിലൂടെ ലണ്ടനിൽ എത്തുന്ന മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കാൻ ബദ്ധശ്രദ്ധാലുക്കളാണ്.
എ – ലെവൽ റിസൾട്ട് പുറത്തുവന്നതിനുശേഷം രാജ്യമൊട്ടാകെ പ്രാദേശികമായി നിലനിൽക്കുന്ന അസമത്വങ്ങൾ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രാദേശികമായി പിന്നോക്കം നിൽക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ ഫണ്ട് നൽകി സ്ഥിതി മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നുവരും. ലണ്ടനിലെ സ്കൂളുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഏർപ്പെടുത്തിയ ലണ്ടൻ ചലഞ്ച് പോലുള്ള ധനസഹായ പദ്ധതികൾക്കായി പ്രാദേശിക തലങ്ങളിൽ നിന്ന് കൂടുതൽ ആവശ്യങ്ങൾ ഉയർന്നു വരുന്നത് സർക്കാരിന് തലവേദനയാകും.
Leave a Reply