മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് 10 ശതമാനം ഓഹരി വാങ്ങിയേക്കും. 370 മില്യണ്‍ (37 കോടി) ഉപഭോക്താക്കളുള്ള ജിയോയുമായുള്ള ബന്ധം ഫേസ്ബുക്കിനെ സംബന്ധിച്ച് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യമാകാനുള്ള അവസരമാണ്. 2013ല്‍ Internet.org എന്ന പേരില്‍ സൗജന്യ ഇന്റര്‍നെറ്റുമായി (ചില പ്രത്യേക സൈറ്റുകള്‍ മാത്രം, മറ്റുള്ളവയ്ക്ക് പണ നല്‍കണം). ഫേസ്ബുക്ക് രംഗത്തെത്തിയിരുന്നു. ഈ വര്‍ഷം ആദ്യം പാപ്പരായി പ്രഖ്യാപിച്ച, അനില്‍ അംബാനിയുടെ റിലയന്‍സ് ടെലികോമുമായി (ആര്‍ കോം) പങ്കാളിത്തത്തിലാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ നെറ്റ് ന്യൂട്രാലിറ്റിക്കെതിരാണ് ഫേസ്ബുക്കിന്റെ പദ്ധതി എന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമുയര്‍ന്നതോടെ കേന്ദ്രസര്‍ക്കാരിന് പിന്മാറേണ്ടി വന്നു.
ഫേസ്ബുക്ക് 2014ല്‍ ബംഗളൂരുവിലെ ലിറ്റില്‍ ഐ ലാബ്‌സ് വാങ്ങിയിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ആപ്പുകളുെ പെര്‍ഫോമന്‍സ് അനലൈസ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയര്‍ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐ ലാബ്. മറ്റൊരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് ആയ, ഇ കൊമേഴ്‌സ് കമ്പനിയായ മീഷോയിലും ഫേസ്ബുക്ക് നിക്ഷേപം നടത്തിയിരുന്നു. 2020 ഫെബ്രുവരിയില്‍ എഡ്‌ടെക്ക് സ്റ്റാര്‍ട്ട് അപ്പ് അണ്‍ അക്കാഡമിയില്‍ ഫേസ്ബുക്ക് നിക്ഷേപം നടത്തി. എന്നാല്‍ ഇതെല്ലാം ചെറിയ ഡീലുകളായിരുന്നു. അതേസമയം ആറ് ബില്യണ്‍ ഡോളറിന്റെ കരാറാണ് ഫേസ്ബുക്കും ജിയോയും തമ്മിലുള്ളത് എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യഘട്ട കരാറിലേയ്ക്ക് പോകാനിരുന്നപ്പോളാണ് കൊറോണ വൈറസ് ഇതിന് തടസമായി വന്നത്. ഗൂഗിളുമായും ജിയോ ചര്‍ച്ച നടത്തിവരുകയാണ്.
ഫേസ്ബുക്കിന് ഇന്ത്യയില്‍ 740 മില്യണ്‍ ഉപയോക്താക്കളാണുള്ളത്. ജിയോ ഇന്ത്യയില്‍ 35 ശതമാനം ടെലികോം ഉപയോക്താക്കളും ഉപയോഗിക്കുന്നു. രാജ്യത്ത് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 70 ശതമാനം കടക്കുമെന്നാണ് സിസ്കോ റിപ്പോർട്ട് കണക്കാക്കുന്നത്.
Leave a Reply