നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിനയ്​ ശര്‍മ്മയുടെയും മുകേഷ്​ കുമാറി​​െന്‍റയും പുനഃപരിശോധന ഹരജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. മറ്റു നാലുപേര്‍ക്കുള്ള മരണ വാറന്റ് ഡല്‍ഹി അഡീഷണല്‍ കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു.