ആലുവ: പശ്ചിമ ബംഗാളിലെ ഷാലിമാറില്‍നിന്ന് എറണാകുളത്തേക്കുള്ള ‘അന്ത്യോദയ എക്‌സ്പ്രസ്’ ആലുവയില്‍ ചങ്ങല വലിച്ചു നിര്‍ത്തി ഇറങ്ങിയത് ആയിരത്തോളം യാത്രക്കാര്‍. തീവണ്ടിയിലെ മൂന്ന് കമ്പാര്‍ട്ട്മെന്റുകളില്‍നിന്ന് ഒരേസമയമാണ് ചങ്ങല വലിച്ചത്. നിരവധി മറുനാടന്‍ തൊഴിലാളികള്‍ ആലുവ സ്റ്റേഷനില്‍ ഇറങ്ങിയതോടെ, ചങ്ങല അനാവശ്യമായി വലിച്ച കുറ്റത്തിന് ആര്‍ക്കെതിരേ കേസെടുക്കണമെന്നറിയാതെ റെയില്‍വേ അധികൃതര്‍ കുഴഞ്ഞു.
ഒടുവില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കെതിരേ റെയില്‍വേ പോലീസ് കേസെടുത്തു. മുര്‍ഷിദാബാദ് സ്വദേശിയായ സാഹിബുദ്ദീനെതിരേയാണ് റെയില്‍വേ ആക്ട് 141 പ്രകാരം കേസെടുത്ത് ജാമ്യത്തില്‍ വിട്ടത്. നൂറോളം മറുനാടന്‍ തൊഴിലാളികളെ തടഞ്ഞുവെച്ച് ബോധവത്കരണം നടത്തി പറഞ്ഞുവിടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ എട്ടു മണിക്കാണ് തീവണ്ടി ആലുവയിലെത്തിയത്. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് 20 മിനിറ്റോളം ആലുവയില്‍ കിടന്നു.
പശ്ചിമ ബംഗാളില്‍നിന്നുള്ള തൊഴിലാളികളാണ് ആഴ്ചയിലൊരിക്കല്‍ മാത്രമുള്ള ഈ തീവണ്ടിയെ മുഖ്യമായും ആശ്രയിക്കുന്നത്. എറണാകുളം വരെയുള്ള ഈ വണ്ടിയിലെ ഭൂരിഭാഗം യാത്രക്കാര്‍ക്കും പെരുമ്പാവൂര്‍ അടക്കമുള്ള കിഴക്കന്‍ മേഖലകളിലേക്ക് പോകാന്‍ ആലുവയിലാണ് ഇറങ്ങേണ്ടത്.
ഇതിനു മുമ്പ് പലവട്ടം യാത്രക്കാര്‍ ആലുവയില്‍ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തുകയും ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വേ പോലീസ് എസ്.ഐ. പ്രിന്‍സിന്റെ നേതൃത്വത്തില്‍ പ്ലാറ്റ്ഫോമില്‍ ജാഗ്രത പാലിച്ചിരുന്നു. എന്നാല്‍ ചങ്ങല വലിച്ചതിനു പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ ഇറങ്ങിയോടുകയായിരുന്നു.
എന്നാല്‍, ചങ്ങല വലിച്ച മൂന്ന് കമ്പാര്‍ട്ട്മെന്റുകളില്‍ നിന്നു തന്നെ നൂറുകണക്കിന് യാത്രക്കാര്‍ ആലുവയില്‍ ഇറങ്ങിയതോടെ ചങ്ങല വലിച്ചയാളെ കണ്ടെത്താന്‍ കഴിയാതെയായി. ഇതോടെയാണ് ബോധവത്കരണവുമായി റെയില്‍വേ അധികൃതര്‍ രംഗത്തെത്തിയത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പും ഈ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങിയിട്ടുണ്ട്. മുഴുവന്‍ മറുനാടന്‍ തൊഴിലാളികളും ആലുവയിലിറങ്ങേണ്ട അന്ത്യോദയ എക്‌സ്പ്രസിന് ആലുവയില്‍ സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അക്കാര്യം റെയില്‍വേ പരിഗണിച്ചിട്ടേയില്ല.
Leave a Reply