അട്ടപ്പാടിയില്‍ മധു കൊലപാതക കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വിമര്‍ശനം നേരിട്ടതിന് പിന്നാലെ വിശദീകരണവുമായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തിലാണ് പല സമയത്തും എത്താന്‍ കഴിയാത്തതെന്നും പകരം അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നെന്നും വി ടി രഘുനാഥ് പറഞ്ഞു.

‘2019 അവസാന കാലത്താണ് മധു കേസില്‍ എന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. രണ്ടുതവണ ഞാന്‍ കേസില്‍ വിചാരണ വേളയില്‍ ഹാജരായി. പിന്നെ രണ്ടോ മൂന്നോ തവണ എനിക്ക് വേണ്ടി ശ്രീജിത്ത് എന്ന പാലക്കാട് നിന്നുള്ളയാളാണ് ഹാജരായത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി എത്തിപ്പെടാന്‍ സാധിക്കാതിരുന്നതിനാലാണ് എന്റെ തന്നെ നിര്‍ദേശ പ്രകാരം അദ്ദേഹം എത്തിയത്’ വി ടി രഘുനാഥ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താനുള്ളത് കൊണ്ട് മാത്രം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും കേസില്‍ പ്രതികള്‍ക്ക് നല്‍കേണ്ട ഡിജിറ്റല്‍ തെളിവുകളുടെ കോപ്പി പൊലീസ് നല്‍കാന്‍ കാലതാമസം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികള്‍ എല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.