വാഷിംഗ്‍ടൺ: ഇന്ത്യൻ അതിർത്തി കടന്ന് പറന്നെത്തിയ പാക് യുദ്ധവിമാനങ്ങൾ എഫ് 16 ആണെന്ന് ഇന്ത്യ തെളിവ് പുറത്തു വിട്ടതോടെ കൂടുതൽ വിവരങ്ങൾ തേടി അമേരിക്ക. അത്യാധുനിക എഫ് 16 വിമാനങ്ങൾ ഉപയോഗിച്ച് അംറാം (AMRAAM) എന്ന മിസൈലാണ് ഇന്ത്യക്ക് നേരെ പാകിസ്ഥാൻ തൊടുത്തത് എന്ന് സേനാമേധാവികൾ തെളിവ് സഹിതം പുറത്തുവിട്ടിരുന്നു.
അമേരിക്കയാണ് പാകിസ്ഥാന് എഫ് 16 വിമാനങ്ങൾ നൽകിയത്. അമേരിക്കൻ നിർമിത വിമാനങ്ങളായ എഫ് 16 ദുരുപയോഗം ചെയ്തതിന് തെളിവ് തേടുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‍മെന്‍റ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് പാകിസ്ഥാനുമായുള്ള വിമാനക്കരാറിന്‍റെ ലംഘനമാണെന്നാണ് അമേരിക്കയുടെ പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കാനാണ് അമേരിക്ക പാകിസ്ഥാനിൽ നിന്ന് കൂടുതൽ വിവരം തേടിയത്.
വിദേശരാജ്യങ്ങൾക്ക് ആയുധങ്ങളും യുദ്ധവിമാനങ്ങളും നൽകുന്ന കരാറിലെ എല്ലാ വ്യവസ്ഥകളും പുറത്തുവിടാനാകില്ലെന്നും എന്നാൽ കരാർ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അമേരിക്കയ്ക്ക് അവകാശമുണ്ടെന്നും യുഎസ് സ്റ്റേറ്റ് പ്രതിരോധമന്ത്രാലയത്തിന്‍റെ വക്താവ് ലഫ്. ജനറൽ കോൺ ഫോൾക്‍നർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
പാകിസ്ഥാൻ യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചതെന്നതിന് കൃത്യമായ തെളിവുകൾ സേനാമേധാവികൾ പുറത്തു വിട്ടിരുന്നു. എഫ് 16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തൊടുക്കുന്ന അംറാം (AMRAAM) എന്ന മിസൈലാണ് പാകിസ്ഥാൻ ഉപയോഗിച്ചത് എന്ന തെളിവാണ് ഇന്ത്യ പുറത്തു വിട്ടത്. അതിർത്തിയിൽ സംഘർഷമുണ്ടാകുമ്പോൾ, പ്രകോപനപരമായ രീതിയിൽ ഈ വിമാനങ്ങൾ ഉപയോഗിക്കരുതെന്ന് അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള കരാറിലുണ്ടെന്നാണ് സൂചന.
അതിർത്തി കടന്നെത്തിയത് എഫ് 16 യുദ്ധവിമാനങ്ങളല്ലെന്നായിരുന്നു പാകിസ്ഥാൻ വ്യക്തമാക്കിയത്. ഇത്തരം പ്രകോപനപരമായ രീതിയിൽ എഫ് 16 വിമാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള കരാർ റദ്ദാകാൻ വരെ സാധ്യതയുണ്ട്.
2016-ലാണ് അമേരിക്ക പാകിസ്ഥാന് എട്ട് എഫ് 16 വിമാനങ്ങൾ കൈമാറിയത്. ഇതിനെ ഇന്ത്യ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ആഗോളതലത്തിൽത്തന്നെ ഏറ്റവും വലിയ ആയുധവിൽപനക്കാരാണ് അമേരിക്ക. കർശനമായ ആയുധക്കരാറുകൾ അടിസ്ഥാനപ്പെടുത്തിയാണ് അമേരിക്ക മറ്റ് ലോകരാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കുന്നത്.
ആയുധങ്ങൾ ദുരുപയോഗം ചെയ്താൽ ഏകപക്ഷീയമായി കരാറുകൾ റദ്ദാക്കാൻ വരെ അമേരിക്ക തയ്യാറാകും. ആയുധവിൽപനയിലൂടെ കൊയ്യുന്ന കോടികൾ, ഒരു കാരണവശാലും നഷ്ടപ്പെടുത്താൻ അമേരിക്ക തയ്യാറാകില്ല. അതുകൊണ്ടാണ് വിവരങ്ങൾ സ്ഥിരീകരിക്കാനായി അമേരിക്ക പാകിസ്ഥാനിൽ നിന്ന് വിശദാംശങ്ങൾ തേടിയിരിക്കുന്നത്.
‘ആഭ്യന്തരകലാപങ്ങളും തീവ്രവാദപ്രവർത്തനങ്ങളും തടയാനാണ്’ എഫ് 16 വിമാനങ്ങൾ വാങ്ങുന്നതെന്നാണ് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ അയൽരാജ്യത്തേക്ക് കടന്നുകയറി മിസൈൽ വർഷിക്കാൻ ഈ യുദ്ധവിമാനം ഉപയോഗിച്ചതിലൂടെ കുരുക്കിലായിരിക്കുകയാണ് പാകിസ്ഥാൻ
Leave a Reply