തിരുവനന്തപുരം: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതു മൂലം തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവം വിദഗ്ദ്ധ സമിതി അന്വേഷിക്കും. മുരുകന് ചികിത്സ നല്‍കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴചയുണ്ടായെന്ന ആരോപണം അന്വേഷിക്കാനാണ് ആരോഗ്യവകുപ്പ് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ചെയര്‍മാനായ സമിതി ഇക്കാര്യം അന്വേഷിക്കും.

മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിയമോപദേശം തേടും. ചികിത്സ നിഷേധിച്ച സംഭവത്തില്‍ അറസ്റ്റ് അനിവാര്യമാണെന്ന് നിലപാടിലാണ് അന്വേഷണസംഘം. അന്വേഷണം സംഘം വിപുലീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസിപി അശോകന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക.

വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനപൂര്‍വം വീഴ്ച വരുത്തിയെന്നാണ് ആരോപണം. രണ്ട് വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിട്ടും ഇല്ലെന്ന് പറഞ്ഞ് രോഗിയെ മടക്കി അയച്ചു. മൂന്ന് മണിക്കൂര്‍ കാത്ത് കിടന്നിട്ടും പകരം സംവിധാനം ഒരുക്കിയില്ല തുടങ്ങിയ ആരോപണങ്ങളും ആശുപത്രിക്കെതിരെയുണ്ട്.

അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിലും പൊളളല്‍ ചികിത്സാ വിഭാഗത്തിലും രണ്ട് പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. എന്നാല്‍ പുറത്തു നിന്നെത്തുന്ന രോഗിക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.