ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വീണ്ടും സൈബർ ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ പ്രാവശ്യം 19 റെയിൽവേ സ്റ്റേഷനുകളെ സൈബർ ആക്രമണം ബാധിച്ചതായി നെറ്റ്‌വർക്ക് റെയിൽ അറിയിച്ചു. റെയിൽവേ സ്റ്റേഷനിലെ വൈഫൈ ഹാക്ക് ചെയ്ത് ഭീകരാക്രമണത്തെ കുറിച്ചുള്ള സന്ദേശം പ്രദർശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ലണ്ടൻ യൂസ്റ്റൺ, മാഞ്ചസ്റ്റർ പിക്കാഡിലി, ലിവർപൂൾ ലൈം സ്ട്രീറ്റ്, ബിർമിംഗ്ഹാം ന്യൂ സ്ട്രീറ്റ്, എഡിൻബർഗ് വേവർലി, ഗ്ലാസ്ഗോ സെൻട്രൽ തുടങ്ങിയ സ്റ്റേഷനുകളിലെ വൈ-ഫൈ സംവിധാനങ്ങളെ സൈബർ ആക്രമണം ബാധിച്ചതായി നെറ്റ്‌വർക്ക് റെയിൽ സ്ഥിരീകരിച്ചു. വൈഫൈ ഇപ്പോഴും പ്രവർത്തന രഹിതമാണെന്ന് നെറ്റ്‌വർക്ക് റെയിൽ വക്താവ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ സൈബർ സുരക്ഷയിൽ വൻ വീഴ്ച സംഭവിച്ചതായാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സൈബർ ആക്രമണത്തെ കുറിച്ച് ട്രാൻസ്പോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ജൂൺ മാസത്തിൽ എൻഎച്ച്എസ് സമാനമായ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. 3000 ത്തിലധികം ആശുപത്രികളുടെ ആയിരക്കണക്കിന് ജിപി അപ്പോയിൻമെന്റുകളും സൈബർ ആക്രമണം മൂലം തടസ്സപ്പെട്ടതയാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . രോഗികളുടെ പേരുകൾ, ജനനത്തീയതി, എൻഎച്ച്എസ് നമ്പറുകൾ, രക്തപരിശോധനയുടെ വിവരണങ്ങൾ എന്നിവ ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
Leave a Reply