ന്യൂസ് ഡെസ്ക് മലയാളം യുകെ
കവന്‍ട്രിയിൽ മലയാളികളുടെ വീടുകളെ ലക്ഷ്യം വച്ച് വൻ മോഷണം നടന്നു. ക്രിസ്‌തുമസ് അനുബന്ധമായ ചടങ്ങുകൾക്കായി വീട്ടുകാർ ഒന്നടങ്കം പള്ളിയിൽ ആയിരിക്കുന്ന സമയമാണ് മോഷണം അരങ്ങേറിയത്. ചില വീടുകളിലെ താക്കോൽ കൈവശമാക്കിയാണ് മോഷണം നടത്തിയത്. മോഷ്ടാക്കൾക്ക് എടുക്കാൻ പാകത്തിൽ താക്കോൽ സൂക്ഷിച്ചത് കള്ളന്മാരുടെ ജോലി എളുപ്പമാക്കി. എന്നാൽ താക്കോൽ എടുക്കാൻ പറ്റാതിരുന്ന വീടുകളുടെ ചില്ലുകൾ തകർത്താണ് മോഷണം നടത്തിയത്. വീടുകളെ കുറിച്ചും താമസക്കാരെ കുറിച്ചും വ്യക്‌തമായ ധാരണ ഉള്ളവരാണ് മോഷണം നടത്തിയത് എന്ന അനുമാനമാണ് പോലീസ് പങ്കുവയ്ക്കുന്നത്.
ഏഷ്യൻ വംശജരുടെ വീടുകളിൽ സ്വർണവും പണവും വ്യാപകമായി സൂക്ഷിച്ചിട്ടുണ്ടാകാമെന്ന ധാരണയുടെ പുറത്താണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ മോഷണം പതിവാകുന്നതിൻെറ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമാനമായ രീതിയിലുള്ള മുന്നറിയിപ്പ് പോലീസ് നേരത്തെ നൽകിയിരുന്നു. കവന്‍ട്രിയിൽ കഴിഞ്ഞ ദിവസം മലയാളികളെ കൂടാതെ ഒരു പഞ്ചാബിയുടെ വീട്ടിലും മോഷണം നടന്നിരുന്നു. മോഷണ ശ്രമത്തിനിടയ്ക്ക് വ്യാപകമായ രീതിയിൽ മറ്റു സാധനങ്ങൾ നശിപ്പിക്കാനും മോഷ്ടാക്കൾ ശ്രമിച്ചിട്ടുണ്ട്. വില കുറഞ്ഞ വീട്ടുസാധങ്ങൾ വരെ മോഷ്ടിച്ചതോടെ പ്രാദേശിക തലത്തിലുള്ളവരാണ് മോഷണത്തിന് പിന്നിൽ എന്നാണ് അനുമാനിക്കപ്പെടുന്നത്.
മലയാളികളെ കേന്ദ്രികരിച്ചുള്ള മോഷണ ശ്രമത്തിൻെറ ഒട്ടേറെ വാർത്തകൾ മലയാളം യുകെ ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. വാഹനങ്ങളുടെ മുൻഭാഗം അഴിച്ചെടുത്ത് മോഷ്ടിക്കുന്ന സംഘങ്ങളും ഇപ്പോൾ സജീവമാണ്. വിലകൂടിയ കാറുകളുടെ മുൻഭാഗവും, ബമ്പർ എന്നിങ്ങനെ വിവിധ പാർട്സുകൾ മോഷ്ടിച്ച് 4000 പൗണ്ടിനു വരെ മറിച്ചു വിൽക്കലാണ് ഇത്തരം മോഷ്ടാക്കൾ ചെയ്യുന്നത് . ബർമിംഗ്ഹാമിൽ മലയാളികളുടെ നിരവധി വാഹനങ്ങൾ സമാനമായ സാഹചര്യത്തിൽ മോഷണം പോയിരുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുകെ മലയാളിയുടെ വാഹനത്തിന്റെ കീ മോഷണം പോയ വാർത്ത നേരത്തെ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു . വാഹനത്തിൻറെ കീയ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് കീയ്ക്ക് വേണ്ടി 1500 പൗണ്ട് ചിലവഴിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷ കിട്ടാത്ത സാഹചര്യങ്ങളിൽ വൻ നഷ്ടങ്ങളാണ് ഓരോ മോഷണത്തിലൂടെയും സംഭവിക്കുന്നത്.
വാഹനത്തിന് പുറമെ, സ്വർണ്ണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവയെ സംബന്ധിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാധനം മോഷ്ടിക്കപ്പെട്ടാലും ഇൻഷുറൻസ് ഇല്ലെങ്കിൽ ക്ലെയിം തുക ലഭിക്കില്ല. അതിനാൽ, എല്ലാ വസ്തുക്കളും ഇൻഷുറൻസ് രജിസ്റ്റർ ചെയ്യുകയും, നിർബന്ധമായും ഇതിന്റെ എല്ലാം ഫോട്ടോകളും സൂക്ഷിക്കുകയും വേണം. പോലീസ് അന്വേഷണം നടത്തുമ്പോൾ ഫോട്ടോകൾ ഇല്ലെങ്കിൽ മതിയായ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ ബുദ്ധിമുട്ടാണ്. ബ്രെക്സിറ്റിന് ശേഷം ജീവിത ചിലവ് ഉയരുകയും, ജോലി നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്തതാണ് മോഷണത്തിലേയ്ക്ക് കൂടുതൽ ആളുകളെ നയിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ക്രിസ്തുമസ് ദിനങ്ങൾ ആയതിനാൽ മലയാളികളുടെ വീടുകളിൽ ആളുകൾ ഇല്ലെന്ന കാരണത്താൽ ഈ ദിവസങ്ങളിൽ മോഷണകേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിക്കാൻ സാധ്യതയുണ്ട്.
Leave a Reply