മാനന്തവാടി: വയനാട് മാനന്തവാടി–തലശ്ശേരി റൂട്ടില്‍ എരുമത്തെരുവില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശിയും കര്‍ണാടകയിലെ കുട്ടയില്‍ ദീര്‍ഘകാലമായി വ്യാപാരം നടത്തുന്നയാളുമായ സജീര്‍ (44) ആണ് മരിച്ചത്. പൊള്ളലേറ്റ ഭാര്യ നജ്മുന്നിസയും രണ്ടുവയസ്സുകാരിയായ മകള്‍ ആയിഷയും വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

ആത്മഹത്യാ ശ്രമമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സജീര്‍ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയെന്നാണ് ലഭിക്കുന്ന വിവരം. സജീറും ഭാര്യയും മക്കളായ നിബ്രാന്‍ (14), നിസാന്‍ (9), ആയിഷ (2) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റതായും ആയിഷയ്ക്കും പൊള്ളലേറ്റതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എരുമത്തെരുവിലെ ഒരു സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്ത് വാഹനം ഇടിച്ചുകയറിയതിന് പിന്നാലെയാണ് കാറില്‍ തീ പടർന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറിനുള്ളില്‍ പെട്രോള്‍ നിറച്ച രണ്ട് കാനുകള്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ അറിയിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സജീറിനെ രക്ഷിക്കാനായില്ലെങ്കിലും ഭാര്യയെയും കുട്ടികളെയും പുറത്തെടുക്കാന്‍ സാധിച്ചു. കുട്ടയില്‍ ബേക്കറി നടത്തുന്ന സജീറിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന സൂചന നല്‍കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.