ഭർത്താവിന്റെ കാല് തല്ലിയൊടിക്കാൻ 5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നല്‍കിയ ഭാര്യ അറസ്റ്റില്‍. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ക്വട്ടേഷൻ നല്‍കിയത്.

കല്‍ബുറഗിയിലെ ഗാസിപുർ സ്വദേശിനിയായ ഉമാ ദേവി എന്നയാളും ഇവരെ സഹായിച്ചവരും അടക്കം മൂന്ന് പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. രണ്ട് കാലും വലതു കയ്യും ഒടിഞ്ഞ് ചികിത്സയില്‍ കഴിയുന്ന 62കാരന്റെ മകന്റെ പരാതിയിലാണ് അറസ്റ്റ്.

മുപ്പത് വർഷം മുൻപാണ് ഉമാദേവിയും ഗാസിപൂർ സ്വദേശിയുമായ വെങ്കടേഷ് മാലിപാട്ടീലും പ്രേമിച്ച്‌ വിവാഹം കഴിച്ചത്. അടുത്തിടെയായി ഭർത്താവിന് തന്നോട് താല്‍പര്യമില്ലെന്ന സംശയത്തിന് പിന്നാലെയാണ് വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവ് അടുപ്പത്തിലാണെന്ന ധാരണ ഉമാദേവിക്ക് തോന്നുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിന് പിന്നാലെ വെങ്കടേഷിന്റെ കാല് തല്ലിയൊടിക്കാനായി ആരിഫ്, മനോഹർ, സുനില്‍ എന്നിവർക്ക് ക്വട്ടേഷൻ നല്‍കുകയായിരുന്നു. ഓരോരുത്തർക്കും ഇതിനായി ഉമാദേവി അഡ്വാൻസും നല്‍കി. പിതാവിന് മർദ്ദനമേറ്റതിന് പിന്നാലെ ഉമാദേവിയുടെ മകൻ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അമ്മ അറസ്റ്റിലായത്.

എന്നാല്‍ ഭാര്യ ക്വട്ടേഷൻ നല്‍കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ജയില്‍മോചിതയായാല്‍ ഉമാദേവിക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നുമാണ് ആക്രമണത്തിനിരയായ വെങ്കടേഷ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനുവരി 18നായിരുന്നു 62കാരൻ ആക്രമിക്കപ്പെട്ടത്. അൻപതിനായിരം രൂപ വീതമാണ് 61കാരി ക്വട്ടേഷന് അഡ്വാൻസ് തുക നല്‍കിയത്. ബ്രഹ്‌മപുര പൊലീസാണ് കേസില്‍ 62കാരന്റെ ഭാര്യ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.