കൊച്ചിയിൽ യുവാവ് ഫയൽ ചെയ്ത വിവാഹമോചന കേസിൽ കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. ഭാര്യ വഞ്ചിച്ചു കുട്ടിയുടെ പിതാവ് താൻ അല്ലെന്നും അത് തെളിയിക്കാനായി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.
ഭാര്യ വിശ്വാസവഞ്ചന കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹ മോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസിൽ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛൻ താനല്ലെന്ന ഹർജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകിയത്.
കുടുംബ കോടതി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകാത്തതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ വിവാഹം 2006 മേയ് ഏഴിനായിരുന്നു. 2007 മാർച്ച് ഒൻപതിനാണ് യുവതി കുട്ടിക്ക് ജന്മം നൽകുന്നത്. വിവാഹ സമയത്ത് ഹർജിക്കാരൻ പട്ടാളത്തിലായിരുന്നു.
വിവാഹം കഴിഞ്ഞ് 22ാം ദിവസം ജോലിസ്ഥലത്തേക്ക് പോയി. ഇതിനിടയിൽ ഭാര്യ സഹകരിക്കാത്തതിനാൽ ഒരു തവണ പോലും ശാരീരിക ബന്ധം ഉണ്ടായില്ലെന്നും ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചിരുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. കുട്ടിക്ക് ഹർജിക്കാരൻ ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ ഡിഎൻഎ പരിശോധനയ്ക്കായി ഹാജരാകണമെന്ന് കുടുംബക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഹാജരായിരുന്നില്ലെന്നതും കോടതി കണക്കിലെടുത്തു.
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ഡിഎൻഎ പരിശോധന നടത്താനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
Leave a Reply