തമിഴ്നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ ശേഷം നാടുവിട്ട ഭര്‍ത്താവ് മാരിയപ്പന്‍ തമിഴ്നാട്ടില്‍ പൊലീസ് പിടിയിലായി. അംബാസമുദ്രം പൊലീസിന്റെ പിടിയിലായ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. സംഭവത്തിനുശേഷം ഇയാള്‍ തമിഴ്നാട്ടിലെത്തിയതായി ബന്ധുവായ ഒരാളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അംബാസമുദ്രം പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.
സൗമ്യനും പൊതുവേ ശാന്ത സ്വഭാവക്കാരനുമായ മാരിയപ്പന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാന്‍ ശ്രീവരാഹത്തെ ജനങ്ങള്‍ക്കാവുന്നില്ല. ശ്രീവരാഹം മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന മാരിയപ്പനും കുടുംബവും നാട്ടുകാരോട് അടുത്തിടപഴകിയവരായിരുന്നു. പൊതുവേ ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
വീട്ടില്‍ അനാവശ്യമായി വഴക്കോ അടിപിടിയോ ഉണ്ടാകാറില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. 20വര്‍ഷം
മുൻപ് തലസ്ഥാനത്തെത്തിയ ഇവര്‍ മണക്കാട് തോപ്പുമുടുക്കിലായിരുന്നു താമസം. വോട്ടവകാശം മണക്കാട് വാര്‍ഡിലും. കച്ചവടത്തിനെത്തിയ മാരിയപ്പനും കുടുംബവും ഇവിടത്തുകാരായി മാറുകയായിരുന്നു. ആക്രിക്കച്ചവടം പിന്നീട് പാത്രക്കച്ചവടത്തിലേക്ക് മാറി. മണക്കാട് താമസിച്ചിരുന്ന ചെറിയ വാടക വീട്ടില്‍ നിന്നും നാലുവര്‍ഷം
മുൻപ് ശ്രീവരാഹത്തേക്ക് താമസം മാറിയത്. മകള്‍ ഗീതയെ തമിഴ്നാട്ടിലേക്ക് വിവാഹം കഴിച്ചയച്ചു. മറ്റൊരു മകന്‍ ഗണേഷനും അവിടെയാണ്.
ഇളയമകന്‍ മണികണ്ഠനാണ് ഒപ്പമുള്ളത്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു. 5 ലക്ഷം രൂപ ഒറ്റിക്ക് വീടെടുത്തായിരുന്നു ആദ്യം താമസം. അടുത്തിടെ ഉടമ്പടി പുതുക്കിയപ്പോള്‍ ഒറ്റിത്തുക 10ലക്ഷമായി വര്‍ദ്ധിപ്പിച്ചു. അതും നല്‍കാന്‍ മാരിയപ്പന്‍ തയ്യാറായി. അയല്‍വാസികളുടെ ആവശ്യങ്ങളോട് സഹകരിക്കുന്ന കുടുംബത്തെപ്പറ്റി നാട്ടുകാര്‍ക്ക് നല്ലതുമാത്രമേ പറയാനുള്ളു. മാരിയപ്പന്‍ മുഴുവന്‍ സമയ മദ്യപാനിയായിരുന്നില്ല. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അമ്പലത്തിലും സിനിമ കാണാനും പതിവായി പോകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്ന.രണ്ട് പേരും ക്ഷേത്രത്തില്‍ പോവുകയും പിന്നീട് ഒന്നിച്ച് സിനിമയ്ക്ക് പോയതിന് ശേഷം മടങ്ങിയെത്തിയിട്ടായിരുന്നു കൊലപാതകം.
മാരിയപ്പന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും കലഹിക്കുന്നത് പതിവാണ്. മോഹനകുമാറിന്റെ വീടിന്റെ ഒന്നാം നിലയിലാണ് മാരിയപ്പനും കുടുംബവും താമസിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. നല്ല മഴപെയ്യുന്ന സമയവുമായിരുന്നു.കൊലപാതകം നടത്തിയ ശേഷം മാരിയപ്പന്‍ വീട്ടില്‍ നിന്നും ഇറങ്ങി തന്റെ ടൂവീലറില്‍ കയറി പോയി. ഈ സമയം ഇളയ മകന്‍ മണികണ്ഠന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. അച്ഛന്‍ വേഗത്തില്‍ തന്നെ മറികടന്ന് വണ്ടിയില്‍ പോകുന്നത് കണ്ടു.
വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ താഴെ താമസിക്കുന്ന വീട്ടുമസ്ഥനോട് മറ്റൊരു തക്കോല്‍ വാങ്ങി തുറന്ന് അകത്ത് കടന്നു. ഏപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു കിടക്കുന്നത് കണ്ടു. തള്ളി തുറക്കാന്‍ ശ്രമിച്ചിട്ടും നടക്കാതായതോടെ വീണ്ടും വീട്ടുടമസ്ഥനോട് മറ്റൊരു താക്കോല്‍ വാങ്ങി തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കന്നിയമ്മയെ കാണുന്നത്. നിലവിളിച്ചു കൊണ്ട് വീട്ടുമസ്ഥനെ വിവരമറിയിക്കുകയും വീട്ടുടമസ്ഥന്‍ ഫോര്‍ട്ട് പൊലീസിനെ വിളിച്ച് അറിയിക്കുകയുമായിരുന്നു.
സംഭവത്തിന്‌ശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ട മാരിയപ്പന്‍ പേരൂര്‍ക്കടയ്ക്ക് സമീപം തന്റെ മൊബൈല്‍ഫോണും ഉപേക്ഷിച്ചിരുന്നു. ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന് പൊലീസ് തന്നെ പിടികൂടുന്നത് ഒഴിവാക്കുകയായിരുന്നു ഉദ്ദേശം. സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മാരിയപ്പനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
ഇയാളെ ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് സൂചന. കന്നിയമ്മാളിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിനും വീട്ടില്‍ പൊതുദര്‍ശനത്തിനുംശേഷം സംസ്‌കാരത്തിനായി രാത്രിയോടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ആദിത്യയുടെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് അസി. കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Leave a Reply