കുഞ്ഞിനെ കൊലപ്പെടുത്തി ഭർത്താവിന്റെ തലയിൽ കെട്ടിവെച്ച് കാമുകനൊപ്പം പോകാം എന്ന് സ്വപനം കണ്ട ശരണ്യയ്ക്ക് കുരുക്കു മുറുകുമ്പോൾ പൊലീസിനെ വട്ടം ചുറ്റിക്കുന്നത് ശരണ്യയുടെ കാമുകൻ തൂങ്ങിമരിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണമാണ്. ഫോട്ടോ സഹിതമുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ കണ്ണൂർ സിറ്റി പൊലീസിന് തുരുതുരാ ഫോൺകോളുകളാണ്. ഇയാൾ മരിച്ചോ എന്നറിയാനാണ് എല്ലാവരുടെയും തിടുക്കം. എന്നാൽ വ്യാജ പ്രചാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. ശരണ്യയുടെ കാമുകനായ നിധിനിനെതിരെ നാട്ടുകാർക്ക് കടുത്ത പ്രതിഷേധം തന്നെയാണ് ഉള്ളത്.

നിധിനിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ശരണ്യയ്ക്കെതിരെയുള്ള പല വിവരങ്ങളും നിധിനിന്റെ പക്കൽ നിന്ന് ലഭിച്ചിരുന്നു. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായിട്ടാണ് ബന്ധം. ഈ ബന്ധവും ഫെയ്‌സ് ബുക്ക് വഴിയാണ് ആരംഭിച്ചത് എന്നുമാണ് നിധിൻ പൊലീസിനോട് പറഞ്ഞത്. ശരണ്യയുടെ ഫോണിന്റെ പാസ്വേർഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസ്സേജുകൾ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടതെന്നും ഇയാൾ പറയുന്നു. ഇതോടെ ശരണ്യക്ക് ഒന്നിലധികം ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് തെളിയുകയാണ്.ശരണ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.