കൊച്ചി∙ കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കസ്റ്റഡി നീട്ടി നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘം പ്രതിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് അന്വേഷണ സംഘം തന്നെ നഗ്‌നനാക്കി മര്‍ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയെ അറിയിച്ചു. ഹാജരായി രണ്ടാം ദിവസമാണ് തന്നെ മര്‍ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവിടെ സിസിടിവി ഇല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് സൂപ്രണ്ടിന്റെ മുറിയിലിട്ടാണ് മര്‍ദിച്ചത് എന്നായിരുന്നു അർജുൻെറ മറുപടി.അര്‍ജുന്‍ ആയങ്കി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളാണെന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് സ്വര്‍ണക്കടത്തിലേയ്ക്കു കൂടുതല്‍ യുവാക്കളെ ആകര്‍ഷിപ്പിച്ചതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ ആകര്‍ഷിക്കപ്പെടുന്നവരെ സമൂഹത്തിനു ദോഷമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടിയെ മറയാക്കിയായിരുന്നു സ്വര്‍ണക്കടത്ത് ഇടപാടുകള്‍ ചെയ്തു വന്നത്.
ആഢംബര ജീവിതം നയിക്കുവാനായിരുന്നു ഇത്തരത്തില്‍ നിയമവിരുദ്ധമായി പണം കണ്ടെത്തിയിരുന്നത്. കണ്ണൂരിലെ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്ക് ജയിലിലുള്ള കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം ലഭിച്ചിരുന്നുവെന്നും അതിനാൽ തന്നെ കേസില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭാര്യ വീട്ടുകാരുടെ ചെലവിലാണ് ജീവിച്ചിരുന്നത് എന്നായിരുന്നു ഇയാള്‍ കസ്റ്റംസിനു നേരത്തെ നല്‍കിയ മൊഴി. എന്നാല്‍ പ്രതിയുടെ ഭാര്യയുടെ മൊഴി ഇതിന് എതിരായിരുന്നു. മറ്റു പ്രതികളുടെ മൊഴിയും ഇയാള്‍ക്ക് എതിരാണ്. മുഹമ്മദ് ഷഫീഖിന്റെ മൊബൈല്‍ ഫോണില്‍നിന്നും ഇയാള്‍ക്കെതിരായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
Leave a Reply