പാതിരാത്രിയിൽ മുകളിൽ നിന്നും തെങ്ങും തേങ്ങയും മറ്റും വീഴുന്നത് കണ്ട് ചാടി ഇറങ്ങിയ വീട്ടമ്മയ്ക്കും കുടുംബത്തിനും അത്ഭുത രക്ഷ. തൃശിലേരി മുത്തുമാരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നുമാണ് കുടുംബം കരകയറിയത്. ശനിയാഴ്ച പുലർച്ചെ രണ്ടര മണിയോടെയായിരുന്നു സംഭവം. മുത്തുമാരി പറത്തോട്ടിയിൽ മോൻസിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്ക് താമസിക്കുന്ന ചെല്ലിമറ്റം ഷിനോജിന്റെ ഭാര്യ സോഫിക്കും കുഞ്ഞിനുമാണ് ദുരനുഭവമുണ്ടായത്. വീടിന് മുകളിലേക്ക് കാട്ടാന തെങ്ങ് ചവിട്ടി മറിച്ചിടുകയായിരുന്നു.

വീടിന്റെ മേൽക്കൂര തകർന്ന് തേങ്ങയും മറ്റും ദേഹത്ത് പതിച്ച് പരിക്കേറ്റ സോഫിയും കുഞ്ഞും ഇപ്പോൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ‘വലിയശബ്ദത്തോടെ ശരീരത്തിൽ എന്തൊക്കെയോ വീണു. ഇരുട്ടിൽ ഞെട്ടിയുണർന്ന് അലറിവിളിച്ചപ്പോൾ തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾ ലൈറ്റ് ഇട്ടിരുന്നു.

വെളിച്ചത്തിലാണ് വീടിന്റെ മേൽക്കൂരയുടെ ഓടും പലകകളും തേങ്ങകളും ദേഹത്തും കിടക്കയിലും വീണുകിടക്കുന്നത് കണ്ടത്. ആദ്യം എന്താണ് സംഭവിച്ചതെന്ന് പിടികിട്ടിയില്ല. അപ്പോഴേക്കും ഭർത്താവ് ഷിനോജും നാട്ടുകാരും ഓടിയെത്തി ആന തെങ്ങ് മറിച്ചിട്ടതാണെന്ന് പുറത്തു ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. തെങ്ങ് വീടിന് വീണതും തലയിലാണ് ഓട് പൊട്ടിവീണത്. തലമുറിഞ്ഞ് ചോരയൊഴുകി.

ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്’ അപകടത്തിന്റെ ഭീതി മാറാതെ സോഫി പറയുന്നു. തീറ്റ തേടിയാണ് കാട്ടാന മുത്തുമാരിയിലെ ഷിനോജിന്റെ വീടിനടുത്തെത്തിയത്. പതിവുപോലെ തെങ്ങ് മറിച്ചിട്ട് തിന്നുകയായിരുന്നു ലക്ഷ്യം ഇട്ടത്. പ്രദേശത്ത് മിക്കസമയത്തും കടുത്ത വന്യമൃഗശല്യമുള്ള പ്രദേശമാണ്. ജനങ്ങളും ഭീതിയോടെയാണ് ഓരോ ദിനങ്ങളും തള്ളി നീക്കുന്നത്.