കാറിനു മുകളിൽ കയറിയിരിക്കാൻ ശ്രമിക്കുന്ന ഒറ്റയാൻ. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തായ്‌ലൻഡിലെ ഖാവോ യായ് ദേശീയ പാർക്കിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഡ്യുവ എന്ന 35 വയസ്സു പ്രായമുള്ള കൊമ്പനാനയാണ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിൽ കയറിയിരിക്കാൻ ശ്രമിച്ചത്.
ആദ്യം നിർത്തിയിട്ടിരുന്ന കാറിനു സമീപത്തെത്തിയ ആന കാറിനോട് ചേർന്ന് നിൽക്കുന്നത് കാണാം. പിന്നീടാണ് മുളിലേക്ക് കയറി ഇരിക്കാൻ ശ്രമിച്ചത്. ഈ സമയം എത്രപേർ കാറിനുള്ളിൽ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല. ആനയുടെ പ്രവർത്തിയിൽ പന്തികേടു തോന്നിയ കാർ ഡ്രൈവർ മെല്ല വണ്ടി മുന്നോട്ടെടുത്തു. തലനാരിഴയ്ക്കാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവർ അപകടത്തിൽ നിന്നു രക്ഷപെട്ടത്.
ആനയുടെ ആക്രമണത്തിൽ ആളുകൾക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ ഗ്ലാസുകൾ പൊട്ടിയിട്ടുണ്ട്. വാഹനത്തിന്റെ പലഭാഗങ്ങക്കും ആനയുടെ ഭാരം താങ്ങാനാവാതെ ചളുക്കവും സംഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെത്തുമ്പോൾ മിക്കവാറും ഡ്യുവ നിരത്തുകളിൽ ഇറങ്ങാറുണ്ട്. എന്നാൽ ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ല.
വന്യമൃഗങ്ങളെ കണ്ടാൽ 30 മീറ്റർ അകലത്തിൽ മാത്രമേ വാഹനങ്ങൾ നിർത്താവൂ എന്നാണ് പാർക്ക് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. മൃഗങ്ങൾ വാഹനത്തിനരികിലേക്ക് വരുന്നത് ശ്രദ്ധയിൽ പെട്ടാൽ പതിയെ വാഹനമെടുത്ത് പിന്നോട്ട് പോകണമെന്നാണ്. എന്നാൽ വന്യമൃഗങ്ങളെ കണ്ടാൽ അവയുടെ ഫൊട്ടോയെടുക്കാനും മറ്റുമായി നിനോദസഞ്ചാരികൾ വാഹനങ്ങവ്‍ നിർത്തിയിടുകയാണ് ചെയ്യുന്നത്. ഇതാവാം അപകടത്തിനു കാരണമായതെന്നാണ് പാർക്ക് അധികൃതരുടെ വിശദീകരണം.
Leave a Reply