ന്യൂസ് ഡെസ്ക് , മലയാളം യുകെ

156 വര്‍ഷത്തെ കോളനി ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ബ്രിട്ടന്‍ ചൈനയ്ക്കു ഹോങ്കോങിന്റെ ഭരണം കൈമാറിയത്. ബ്രിട്ടനില്‍നിന്നും സ്വതന്ത്രമായ 1997 ജുലൈ ഒന്നിന് ചൈനീസ് പതാക പാറിപ്പറക്കുമ്പോള്‍, ഹോങ്കോങിനെ ചൈനീസ് വന്‍കരയിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നില്ല. കോളനി ഭരണകാലത്തു സ്ഥാപിച്ച സ്വതന്ത്രമായ ജുഡീഷ്യറി, നിയമനിര്‍മാണ സഭ തുടങ്ങിയ പല സ്ഥാപനങ്ങളും ഹോങ്കോങ് നിലനിര്‍ത്തി പോരുന്നു. ‘ഒരു രാജ്യം രണ്ട് വ്യവസ്ഥ’ എന്ന സമ്പ്രദായമാണു ഹോങ്കോങ് പിന്തുടരുന്നത്. ഇതുപ്രകാരം ഹോങ്കോങ് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്‌കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിര്‍ത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1997ല്‍ ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങിനു സ്വയം ഭരണാവകാശം ഉണ്ടാകും. ഈയൊരു കാരണം കൊണ്ടാണു ഹോങ്കോങ് സ്വന്തമായി ജൂഡീഷ്യറി, നിയമനിര്‍മാണ സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നതും.1843-ല്‍ കറുപ്പ് യുദ്ധം ജയിച്ചതിനു ശേഷമാണു ഹോങ്കോങിനെ ചൈനയില്‍നിന്നും ബ്രിട്ടന്‍ സ്വന്തമാക്കിയത്. മൂന്ന് വ്യത്യസ്ത കരാറിലൂടെയായിരുന്നു ഹോങ്കോങിനെ ബ്രിട്ടന്‍ സ്വന്തമാക്കിയത്. 1842-ലെ ട്രീറ്റി ഓഫ് നാന്‍കിങ്, 1860-ലെ കണ്‍വെന്‍ഷന്‍ ഓഫ് പീകിങ്, 1898-ലെ ദി കണ്‍വെന്‍ഷന്‍ ഫോര്‍ ദി എക്‌സ്റ്റെന്‍ഷന്‍ ഓഫ് ഹോങ്കോങ് ടെറിട്ടറി എന്നിവയായിരുന്നു മൂന്ന് കരാറുകള്‍. 1898-ലെ കരാറിലൂടെ ബ്രിട്ടനു ഹോങ്കോങിന്റെയും കൊവ് ലൂണിന്റെയും ന്യൂ ടെറിട്ടറീസിന്റെയും നിയന്ത്രണം കൈവന്നു. കൊവ് ലൂണ്‍, ഹോങ്കോങ് എന്നിവ ബ്രിട്ടന് ചൈന സമ്മാനിച്ചതും, ന്യൂ ടെറിട്ടറീസ് ബ്രിട്ടന്‍ 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് എടുത്തതുമായിരുന്നു. 1984 ൽ അന്നത്തെ യുകെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ചൈനീസ് സർക്കാരുമായി സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. 1997 ൽ ഹോങ്കോംങ് ചൈനയ്ക്ക് തിരികെ നൽകാമെന്ന് സമ്മതിച്ചു.

ബ്രിട്ടന്‍, ഹോങ്കോംങ് പ്രവിശ്യയുടെ നിയന്ത്രണം ചൈനയ്ക്കു കൈമാറിയതിന്റെ 23 ആം വാര്‍ഷികദിനമായിരുന്നു 2020 ജുലൈ ഒന്ന്. അന്നുതന്നെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയിലും ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി. സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിന്‍റെ സ്വാതന്ത്യവും പരമാധികാരവും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന പുതിയ നിയമം നടപ്പാക്കുന്നതെന്നാണ് ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിക്കുന്നത്. ചൊവ്വാഴ്ച പാസാക്കിയ ഈ നിയമം ഹോങ്കോംങ് നിവാസികൾക്ക് നൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യത്തിനെതിരായ നടപടിയായി അന്താരാഷ്ട്ര തലത്തിൽ വരെ അപലപിക്കപ്പെട്ടു. ഇതിന് മറുപടിയായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുപ്പതുലക്ഷം ഹോങ്കോംങ് നിവാസികൾക്ക് യുകെയിൽ സ്ഥിരതാമസമാക്കാനും ഒടുവിൽ പൗരത്വത്തിന് അപേക്ഷിക്കാനും അവസരം നൽകുമെന്ന് പ്രതിജ്ഞയെടുത്തത്.