ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ വ്യത്യസ്‍തമായ ഓണം ആഘോഷിച്ച് മലയാളി നേഴ്‌സുമാർ. ലണ്ടൻ നഗരത്തിലെ തിരക്കേറിയ അണ്ടർ ഗ്രൗണ്ട് ട്യൂബ് ട്രെയ്നിൽ വഞ്ചിപ്പാട്ടും ഓണപ്പാട്ടുമായി നേഴ്‌സുമാർ ആടിപ്പാടിയപ്പോൾ മറ്റു യാത്രക്കാർക്ക് ഇതൊരു കൗതുക കാഴ്ചയായി. സെറ്റുസാരിയണിഞ്ഞ് അമ്പതോളം മലയാളി നേഴ്സുമാരാണ് ഓണപ്പാട്ടിനൊപ്പിച്ച് താളംവച്ചത്. ബ്രിട്ടനിലെ മലയാളി കുടിയേറ്റത്തിൻെറ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു വ്യത്യസ്‍തമായ ഈ ഓണാഘോഷം.

സെൻട്രൽ ലണ്ടനിലെ ‘തോമസ് ആൻഡ് ഗൈസ്’ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സുമാരും മറ്റു മലയാളി ഉദ്യോഗസ്ഥരുമാണ് ഇന്നലെ ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ആദ്യമായാണ് മലയാളികൾക്ക് മാത്രമായുള്ള ആഘോഷത്തിന് ആശുപത്രി അധികൃതർ അനുമതി നൽകുന്നത്. 43 പേരുടെ സംഘം ട്രെയിനിൽ ഓണാഘോഷത്തെ ഒരു ഘോഷയാത്രയാക്കി മാറ്റിയെന്നുതന്നെ പറയാം! യാത്രക്കാരിൽ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത വിഡിയോകൾ നിമിഷനേരംകൊണ്ടാണ് വൈറലായത്.

നേഴ്സുമാരും കെയറർമാരും വിദ്യാർത്ഥികളുമടക്കം ബ്രിട്ടനിലേക്കു കുടിയേറിയിട്ടുള്ള മലയാളികളും അവരുടെ കുടുംബാംഗങ്ങളും ഓണാഘോഷത്തിന്റെ തിരക്കിലാണ്. ശനി, ഞായർ ദിവസങ്ങൾക്കു പിന്നാലെ ഉത്രാടദിനമായ തിങ്കളാഴ്ച ബ്രിട്ടനിൽ ബാങ്ക് ഹോളിഡേ കൂടി ആയത് ആഘോഷത്തിൻെറ ആക്കം കൂട്ടുന്നു.