ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ, ടാറ്റ കുടുംബത്തിലേയ്ക്ക് മടങ്ങിവരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങിനെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ടാറ്റാ സണ്‍സിനെ തിരഞ്ഞെടുത്തതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ വിമാനക്കമ്പനിയെ ടാറ്റയ്ക്ക് വിൽക്കുന്ന വാർത്തകൾ കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ടെന്‍ഡറില്‍ ഉയര്‍ന്ന തുക ടാറ്റയുടേതെന്നാണ് റിപ്പോര്‍ട്ട്.

 

ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങുമാണ് എയര്‍ ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്. ദേശീയ വിമാന കമ്പനി വില്‍ക്കാനുള്ള മൂന്നാമത്തെ ശ്രമമാണ് ഇത്. കേന്ദ്രം ഇത്തവണ മുഴുവന്‍ ഓഹരികളും ഏറ്റവും കൂടുതല്‍ ലേലം വിളിക്കുന്നവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്താല്‍, 68 വര്‍ഷത്തിനു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടുമെത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടാറ്റാ ഗ്രൂപ്പ് ഔദ്യോഗികമായി ചുമതലയേറ്റ ഉടൻ തന്നെ എയർ ഇന്ത്യയിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വിമാനം ഉൾപ്പെടെയുള്ള ആസ്തികൾ വിൽക്കുകയോ ജീവനക്കാരെ കുറയ്ക്കുകയോ എയർലൈൻ നേതൃത്വത്തെ പുനഃസംഘടിപ്പിക്കുകയോ ഒക്കെ ഉണ്ടാവും. വിപണിയിൽ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും തീവ്രശ്രമം ആവശ്യമെന്നിരിക്കെ ഉടമസ്ഥർ അനുയോജ്യമായ മാറ്റങ്ങൾ പരിഗണിക്കും. സർക്കാർ അധിഷ്ഠിത സ്ഥാപനത്തിൽ നിന്ന് സ്വകാര്യ സ്ഥാപനത്തിലേക്ക് മാറുന്നതാണ് മറ്റൊരു വെല്ലുവിളി. ഈ മാറ്റം യൂണിയനുകളും ടാറ്റയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നയിച്ചേക്കാം.

ടാറ്റ ഗ്രൂപ്പ് അവരുടെ എയർലൈൻ ബ്രാൻഡുകൾ ലയിപ്പിക്കാൻ സാധ്യതയുണ്ട്. ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട്‌ പ്രകാരം എല്ലാ എയർലൈനുകൾക്കും ഒരൊറ്റ ബ്രാൻഡ് സൃഷ്ടിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നു. എയർ ഇന്ത്യ, വിസ്താര (സഹപങ്കാളി – സിംഗപ്പുര്‍ എയര്‍ലൈന്‍സ്), എയർ ഏഷ്യ ഇന്ത്യ (സഹപങ്കാളി – മലേഷ്യയിലെ എയര്‍ ഏഷ്യ), എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയെല്ലാം ഒന്നായി മാറുമെന്ന് അർത്ഥം.

അതേസമയം, സ്വകാര്യവത്കരണത്തിനുള്ള ടെണ്ടറിൽ കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനമെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ അക്കൗണ്ടിൽ ശമ്പളമെത്തിയതിന്റെ അമ്പരപ്പിലാണ് എയർ ഇന്ത്യ ജീവനക്കാർ. ഇതിനെ ടാറ്റ ഇഫക്ട് എന്നാണ് അവർ വിശേഷിപ്പിച്ചത്. 2017 ന് ശേഷം ആദ്യമായാണ് മാസത്തിലെ ആദ്യ ദിവസം തന്നെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്.