യൂറോപ്പിനെ ആകമാനം ബാധിച്ച ഉഷ്ണക്കാറ്റ് മൂലം ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ജർമ്മനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ ജൂൺ മാസത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. തെക്കൻ ആഫ്രിക്കയിൽ നിന്നുള്ള ഉഷ്ണക്കാറ്റാണ് താപനില ഉയരാനുള്ള കാരണമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ ചൂട് കൂടാനുള്ള സാധ്യത ഉണ്ടെന്നും അവർ മുന്നറിയിപ്പു നൽകി.

ഉച്ചയോടുകൂടി ഇറ്റലിയിലെ ട്യൂറിനിൽ 37 ഡിഗ്രിയും, സ്പെയിനിലെ സറഗോസായിൽ 39 ഡിഗ്രിയും രേഖപ്പെടുത്തി. സ്പെയിനിലെ കിഴക്കുഭാഗത്തുള്ള 11 പ്രവിശ്യകളിലും രാജ്യത്തിന്റെ മധ്യഭാഗത്തും മറ്റും നാല്പത് ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള ഉഷ്ണക്കാറ്റ് കാട്ടുതീ പടരുന്നതിനും മറ്റും കാരണമായിട്ടുണ്ട്. നൂറുകണക്കിന് ആളുകൾ കാട്ടു തീ അണക്കാനുള്ള പരിശ്രമത്തിൽ ആണെന്ന് കാറ്റലോണിയൻ ഗവൺമെന്റ് അറിയിച്ചു. ഏകദേശം 4000 ഹെക്ടറോളം സ്ഥലത്ത് ഇത് ബാധിച്ചിട്ടുണ്ട്.

ഇറ്റലിയിലും സ്ഥിതി മോശമാണ്. റോമിലും മറ്റും 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില വരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. 72 വയസ്സുള്ള ഒരു വൃദ്ധന്റെ മൃതശരീരം മിലാൻ റെയിൽവേ സ്റ്റേഷന് സമീപം കണ്ടെത്തിയതായി അധികാരികൾ അറിയിച്ചു. ഉഷ്ണക്കാറ്റ് ആയിരിക്കാം മരണകാരണമെന്നാണ് നിഗമനം. 2003 -ൽ ഉഷ്ണക്കാറ്റിൽ പതിനയ്യായിരത്തോളം മരണം സംഭവിച്ച ഫ്രാൻസിൽ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാരിസിൽ സ്കൂളുകളിൽ പരീക്ഷകളും മറ്റും നീട്ടി വയ്ക്കുകയും, ചിലത് തൽക്കാലത്തേക്ക് അടയ്ക്കുകയും ചെയ്തു.

കാലാവസ്ഥ വ്യതിയാനമാണ് താപനില ഉയരാനുള്ള കാരണമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.