ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മൂന്ന് മാസം മുമ്പ് യുകെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ബോറിസ് ജോൺസൺ, ലിസ് ട്രസ് രാജി വെച്ചതോടെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ളവരിൽ മുൻനിരക്കാരനായി ഉയർന്നിരിക്കുകയാണ്. ബോറിസ് ജോൺസൺ പുറത്താക്കപ്പെട്ട ശേഷം പ്രധാനമന്ത്രി പദത്തിലെത്തിയ ലിസ് ട്രസ് വെറും 45 ദിവസം മാത്രമാണ് പ്രധാനമന്ത്രി കസേരയിൽ ചിലവഴിച്ചത്. അവരെടുത്ത സാമ്പത്തിക നയങ്ങൾക്ക് തിരിച്ചടി നേരിട്ടതോടെയാണ് ലിസ് ട്രസ് രാജിവെക്കുവാൻ നിർബന്ധിതയായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബോറിസ് ജോൺസന് പുറമെ, റിഷി സുനകിന്റെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. 2019 ൽ നടന്ന ജനറൽ ഇലക്ഷനോടെയാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദത്തിലെത്തിയത്. ബ്രിട്ടീഷ് ഭരണഘടന പ്രകാരം അധികാരത്തിലുള്ള പാർട്ടിക്ക് തിരഞ്ഞെടുപ്പില്ലാതെ തന്നെ നേതാവിനെ മാറ്റുവാൻ സാധിക്കും. ഇതിൻ പ്രകാരമാണ് പിന്നീട് ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇനി ഒരു തവണ കൂടി ബോറിസ് ജോൺസൺ പ്രധാനമന്ത്രിപദത്തിൽ എത്തിയാൽ അത് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ വഴിത്തരിവാകും.


ബോറിസ് ജോൺസൻ ഒരിക്കൽ കൂടി നേതൃത്വത്തിൽ എത്തുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി വിൽ വാൾഡൻ സ്കൈ ന്യൂസിനോട് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ ഒരാളായ ബിസിനസ് സെക്രട്ടറി ജേക്കബ് റീസ് മോഗ് അദ്ദേഹത്തെ ഡൗണിംഗ് സ്ട്രീറ്റിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു സോഷ്യൽ മീഡിയ കാമ്പെയ്‌ൻ ആരംഭിച്ചു കഴിഞ്ഞു. നിരവധി കൺസർവേറ്റീവ് എം പിമാർ ബോറിസ് ജോൺസന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കൺസർവേറ്റീവ് പാർട്ടിയിലെ സ്വാധീന ശക്തികളിൽ ഒരാളായി കരുതപ്പെടുന്ന പ്രതിരോധ സെക്രട്ടറി ബെൻ വാലസും താൻ ജോൺസണെ പിന്തുണക്കുന്നതിലേക്ക് നീങ്ങുകയാണെന്ന് ബിബിസിയോട് വ്യക്തമാക്കി. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ നിർണായക നീക്കങ്ങൾ ലോകത്തിൻെറ മുഴുവൻ ശ്രദ്ധയും ക്ഷണിച്ചു കഴിഞ്ഞു.