ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒട്ടേറെ യു കെ മലയാളികൾ ജോലി ചെയ്യുന്ന പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സെയിൻസ്ബറി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. ഈ വർഷം മാർച്ച് മാസം മുതൽ നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാരുടെ അഭാവം കടുത്ത പ്രതിസന്ധിയാണ് വിവിധ സൂപ്പർമാർക്കറ്റുകൾക്ക് സൃഷ്ടിച്ചിരിക്കുന്നത്. ജീവനക്കാരെ പിടിച്ചുനിർത്താനാണ് സെയിൻസ്ബറി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചതെന്നാണ് സൂചനകൾ .

പുതിയ ശമ്പള വർദ്ധനവ് രണ്ടു രീതിയിലാണ് നടപ്പിലാക്കുന്നത്. ലണ്ടനിലുള്ള ജീവനക്കാർക്ക് ഒരു ശമ്പള പരിഷ്കരണവും ഇതര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മറ്റൊരു സ്കെയിലുമാണ് വേതന വർദ്ധനവ് നടപ്പിലാക്കുക. ലണ്ടനിന് പുറത്തുള്ള ജീവനക്കാരുടെ ശമ്പളം 12 പൗണ്ടായിട്ടും ലണ്ടനിലുള്ളവരുടെ ശമ്പളം 13.15 പൗണ്ടായും ആണ് വർദ്ധിപ്പിക്കുന്നത്.

വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കുന്നവരിൽ ഒട്ടേറെ യു കെ മലയാളികളും ഉണ്ട് . സ്റ്റുഡൻറ് വിസയിൽ എത്തിയ മലയാളി വിദ്യാർഥികളിൽ പലരും തങ്ങളുടെ പാർട്ട് ടൈം ജോലിയുടെ ഭാഗമായി സെയിൻസ്ബറിയിൽ ജോലി ചെയ്യുന്നുണ്ട്. നിലവിൽ ജീവനക്കാർക്ക് ലണ്ടന് പുറത്ത് 11 പൗണ്ടും ലണ്ടനിൽ 11.15 പൗണ്ടുമാണ് മണിക്കൂറിൽ ലഭിക്കുന്നത്.