ബ്രെക്‌സിറ്റ് ‘സ്‌കൈപ്പ് കുടുംബങ്ങളെ’ സൃഷ്ടിക്കുമെന്ന് ആശങ്ക. വിദേശ പൗരന്‍മാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിക്കുന്ന ആയിരക്കണക്കിനാളുകള്‍ രണ്ടു രാജ്യങ്ങളിലായി വിഭജിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്റര്‍നെറ്റിലൂടെ മാത്രം കാണാന്‍ വിധിക്കപ്പെടുന്ന ഇത്തരം കുടുംബങ്ങളെയാണ് സ്‌കൈപ്പ് ഫാമിലി എന്ന പേരില്‍ വിളിക്കുന്നത്. ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ കൂടുതല്‍ കുടുംബങ്ങള്‍ രണ്ടിടത്താക്കപ്പെടുമോ എന്ന ആശങ്കയും വളരുകയാണ്. സുരീന്ദര്‍ സിങ് റൂട്ട് എന്ന് അറിയപ്പെടുന്ന നിയമ വ്യവസ്ഥയാണ് ഇത്തരം കുടുംബങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് തങ്ങളുടെ പങ്കാളികളെ യുകെയില്‍ കൊണ്ടുവരണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനായി ബ്രിട്ടീഷ് പൗരന് നിശ്ചിത വരുമാനം ഉണ്ടെന്ന് തെളിയിക്കുകയും വേണം. ഈ കുടിയേറ്റ വ്യവസ്ഥയാണ് സുരീന്ദര്‍ സിങ് റൂട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്.

മൊറോക്കോ സ്വദേശിയായ അബ്ദുവിനെ വിവാഹം കഴിച്ച നോര്‍വിച്ച് സ്വദേശിനി ബെക്കി ഡാര്‍മന്‍ ഈ പ്രതിസന്ധിയെ നേരിടുകയാണ്. രണ്ടു വര്‍ഷം മുമ്പ് പ്രണയത്തിലായ ഈ ജോടികള്‍ക്ക് ഇപ്പോള്‍ എട്ടുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് ഉണ്ട്. പക്ഷേ അബ്ദുവിന് യുകെയില്‍ തന്റെ പങ്കാളിക്കും കുഞ്ഞിനുമൊപ്പം താമസിക്കാന്‍ കഴിയില്ല. കുഞ്ഞായ ആലിയയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവള്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന ദുഃഖം അബ്ദു പങ്കുവെക്കുന്നു. ആലിയയെ പ്രസവിക്കുന്നതിനായാണ് ബെക്കി യുകെയിലേക്ക് മടങ്ങിയത്. പക്ഷേ അബ്ദുവിനെ യുകെയില്‍ എത്തിക്കണമെങ്കില്‍ ബെക്കിക്ക് പ്രതിവര്‍ഷം 18,600 പൗണ്ട് വരുമാനമുണ്ടെന്ന് തെളിയിക്കണം. നിലവില്‍ സിംഗിള്‍ മദറായ ബെക്കിക്ക് ഇത് വന്‍ തുകയാണ്. ഒരുമിച്ചു നില്‍ക്കണമെങ്കില്‍ വലിയ വില കൊടുക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. ആലിയ ഇപ്പോള്‍ കണക്കാക്കപ്പെടുന്നത് സ്‌കൈപ്പ് ഫാമിലികളിലെ 15,000 കുട്ടികള്‍ക്കൊപ്പമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യന്‍ പങ്കാളികളുള്ള ബ്രിട്ടീഷുകാര്‍ക്കും യുകെയില്‍ ഒരുമിച്ചു താമസിക്കണമെങ്കില്‍ സുരീന്ദര്‍ സിങ് റൂട്ട് അനുസരിച്ച് വരുമാനം തെളിയിക്കേണ്ടി വരും. ബുധനാഴ്ച പുറത്തുവിട്ട ഇമിഗ്രേഷന്‍ വൈറ്റ് പേപ്പറില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്‌കൈപ്പ് ഫാമിലികളുടെ എണ്ണം വര്‍ദ്ധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2012ലാണ് യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ പ്രവേശനം സാധ്യമാകുന്നതിന് കുറഞ്ഞ വരുമാന പരിധി നിര്‍ണ്ണയിച്ചത്. അന്ന് ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് ആയിരുന്നു ഈ പദ്ധതി അവതരിപ്പിച്ചത്. കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് നികുതിദായകര്‍ക്ക് ഭാരമായി മാറാതിരിക്കാനാണ് പദ്ധതിയെന്നായിരുന്നു മേയ് അവകാശപ്പെട്ടത്. ഈ പ്രശ്‌നം മറികടക്കാന്‍ യൂറോപ്പിതര രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന ബ്രിട്ടീഷുകാര്‍ അയര്‍ലന്‍ഡിലേക്കും മറ്റും ചേക്കേറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.