നോ ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകുമെന്നും അതുമൂലം യാത്രാ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നുമുള്ള ഭീതിയില്‍ ഹോളിഡേ കേന്ദ്രങ്ങളില്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ ഒരുക്കി ഓപ്പറേറ്റര്‍മാര്‍. ബുക്കിംഗിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ അവസാന ശ്രമമെന്ന നിലയിലാണ് ഈ നീക്കം. ഇതോടെ ഈസ്റ്റര്‍ അവധികള്‍ക്ക് യൂറോപ്പിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെ കുറഞ്ഞ തുക മാത്രമേ ചെലവാകൂവെന്ന് വ്യക്തമായി. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഹോളിഡേ കേന്ദ്രങ്ങളിലെ നിരക്കുകള്‍ 24 ശതമാനം വരെയാണ് ഓപ്പറേറ്റര്‍മാര്‍ കുറച്ചിരിക്കുന്നത്. ഇത് റെക്കോര്‍ഡാണെന്ന് വിലയിരുത്തപ്പെടുന്നു. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അനിശ്ചിതാവസ്ഥ തുടരുകയാണ്. യാത്രാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയില്‍ ഹോളിഡേ യാത്രകള്‍ പലരും ഉപേക്ഷിക്കുകയാണെന്നാണ് വിവരം.

ഇതു മൂലമാണ് ഓപ്പറേറ്റര്‍മാര്‍ നിരക്കുകള്‍ പരമാവധി കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുന്നതെന്ന് ട്രാവല്‍സൂപ്പര്‍മാര്‍ക്കറ്റ് എന്ന പ്രൈസ് കംപാരിസണ്‍ സൈറ്റിലെ എമ്മ കൗള്‍ത്രസ്റ്റ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റര്‍ സ്‌കൂള്‍ അവധി ദിവസങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം ഉണ്ടാകാനിടയുള്ള നിരക്കുകളിലെ കുറവ് പ്രവചിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്ന് അവര്‍ പറഞ്ഞു. ഏപ്രില്‍ 8 മുതല്‍ 22 വരെയുള്ള കാലയളവില്‍ ബ്രിട്ടീഷ് ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളായ കോര്‍ഫു, മല്ലോര്‍ക ആന്‍ഡ് ഇബിസ തുടങ്ങിയ ഇടങ്ങളിലേക്ക് ഒരാഴ്ചത്തെ പാക്കേജ് എടുത്താല്‍ ഒരാള്‍ക്ക് വിമാനയാത്രയ്ക്കുള്ള ചെലവുകള്‍ ഉള്‍പ്പെടെ 100 പൗണ്ടേ ചെലവാകൂ എന്നാണ് കരുതുന്നത്. ബാര്‍ഗെയിന്‍ ചെയ്യുന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഡീലുകള്‍ 124 പൗണ്ടിന് പോലും ലഭ്യമാകും. ട്രാവല്‍സൂപ്പര്‍മാര്‍ക്കറ്റ് നല്‍കുന്ന ജനപ്രിയ ഇന്‍ക്ലൂസീവ് പാക്കേജില്‍ പോലും ഡിസ്‌കൗണ്ട് കൊണ്ടുവന്നിട്ടുണ്ട്.

ഏഴു രാത്രി താമസമുള്‍പ്പെടുന്ന ഗ്രീസിലേക്കുള്ള ഫോര്‍ സ്റ്റാര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് ചെലവാകുക വെറും 288 പൗണ്ട് മാത്രമായിരിക്കും. ഈസ്റ്റര്‍ അവധി ദിനങ്ങള്‍ക്കു വേണ്ടി ജനുവരി 1 മുതല്‍ ഫെബ്രുവരി 21 വരെ നടന്ന ബുക്കിംഗുകളാണ് ട്രാവല്‍സൂപ്പര്‍മാര്‍ക്കറ്റ് താരതമ്യം ചെയ്തത്. 25 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിച്ച ബുക്കിംഗുകളില്‍ ഇതുവരെയില്ലാത്ത തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് ദിനത്തിലും വിമാനങ്ങള്‍ സാധാരണ രീതിയില്‍ സര്‍വീസ് നടത്തുമെന്നാണ് യുകെയും യൂറോപ്യന്‍ യൂണിയനും അറിയിക്കുന്നത്. എന്നാല്‍ ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ ബ്രിട്ടീഷ് സഞ്ചാരികള്‍ കൈവശം വെക്കുന്നത് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.