കേന്ദ്രസര്‍ക്കാരിന്‍റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് വഴങ്ങി അമ്മയുടെ മോചനം ആഗ്രഹിക്കുന്നില്ലെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. എത്രകാലം കാത്തിരിക്കേണ്ടിവന്നാലും സര്‍ക്കാരിന്‍റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ പോരാടുമെന്ന് ഇല്‍തിജ പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് ഓരോ കശ്മീരിയെയും പോലെ താനും കടന്നുപോകുന്നത്. പക്ഷേ ദിവസവും ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ആരുടെ മകളാണെന്ന് ഓര്‍ക്കും. ആ ധൈര്യമാണ് കഴിഞ്ഞ ആറ് മാസം ഒറ്റയ്ക്ക് പൊരുതാന്‍ കരുത്തായത്.
പ്രത്യേക പദവി നീക്കം ചെയ്തതിനെതിരെ സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയാല്‍ മെഹബൂബ അടക്കമുള്ള നേതാക്കളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തയാറാണ്. പക്ഷെ അങ്ങനെ കീഴടങ്ങാന്‍ ഒരുക്കമല്ല.
വിദേശ പ്രതിനിധികള്‍ക്ക് പകരം സ്വന്തം നാട്ടിലെ രാഷ്ട്രീയക്കാരെ കശ്മിരിലേക്ക് വിടാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും ഇല്‍തിജ ചോദിക്കുന്നു. രാഷ്ട്രീയപ്രവേശം ഇപ്പോള്‍ പരിഗണനയിലില്ല. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പിഡിപി മല്‍സരിക്കുമോയെന്ന് നേതാക്കള്‍ തീരുമാനിക്കുമെന്നും ഇല്‍ത്തിജ പറഞ്ഞു.
Leave a Reply