തിരുവനന്തപുരം: ഡോ. ഷിംന അസിസിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തി ടി. പി സെന്‍കുമാര്‍. ഷിംന അസീസ് ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയാമെന്നും വാക്‌സിന്‍ വിരുദ്ധ പ്രചരണക്കാലത്ത് ഷിംന എവിടെയായിരുന്നുവെന്നുമായിരുന്നു ടി. പി സെന്‍കുമാര്‍ ചോദിച്ചത്.

‘ഷിംന അസീസ് ആര്‍ക്ക് വേണ്ടിയാണു സംസാരിയ്ക്കുന്നത് എന്നൊക്കെ മനസ്സിലായിട്ടുണ്ട്. ഈ ഷിംന മുന്‍പ് വാക്‌സിന്‍ വിരുദ്ധപ്രചരണം നടക്കുമ്പോള്‍ അതിനെതിരെ എന്തെങ്കിലും പറഞ്ഞോ?,’ ടി. പി സെന്‍കുമാര്‍ ചോദിച്ചു.

വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു ടി. പി സെന്‍കുമാറിന്റെ പ്രതികരണം.

അതേസമയം വാര്‍ത്താ സമ്മേളനത്തിനിടെ ടി. പി സെന്‍കുമാറിന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തക രംഗത്തെത്തി. വാക്‌സിന്‍ വിരുദ്ധ പ്രചാരണകാലത്ത് അതിനെതിരെ ഏറ്റവുമധികം പ്രതികരിച്ചയാളാണ് ഷിംന അസീസ് എന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.

സെന്‍കുമാറിന്റെ പ്രചരണങ്ങളെ തള്ളി ഡോ. ജിനേഷ് പി. എസും രംഗത്തെത്തിയിരുന്നു. വാക്‌സിനേഷന്‍ എടുത്താല്‍ കുട്ടികളുണ്ടാവില്ലെന്നും ഓട്ടിസം വരുമെന്നും പറഞ്ഞിരുന്ന കാലത്ത് അതിനെതിരെ പ്രതികരിച്ചയാളാണ് ഷിംന അസീസെന്ന് ജിനേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

വാക്‌സിന്‍ സുരക്ഷിതമെങ്കില്‍ സ്വയം സ്വീകരിക്കാന്‍ വെല്ലുവിളിച്ച ഒരു പിതാവിന് മറുപടിയായി സ്വന്തം ശരീരത്തില്‍ പൊതുസ്ഥലത്ത് വെച്ച് വാക്‌സിന്‍ എടുത്ത് കാണിച്ച വ്യക്തിയാണ് ഷിംനയെന്നും ജിനേഷ് പറഞ്ഞു.

‘എം. ആര്‍ വാക്‌സിനേഷന്‍ കാലം. ഈ നുണപ്രചരണങ്ങള്‍ വിശ്വസിച്ച് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മടിച്ച കാലം. വാക്‌സിന്‍ സുരക്ഷിതമെങ്കില്‍ സ്വയം സ്വീകരിക്കാന്‍ വെല്ലുവിളിച്ച ഒരു പിതാവിന് മറുപടിയായി സ്വന്തം ശരീരത്തില്‍ പൊതുസ്ഥലത്ത് വെച്ച് വാക്‌സിന്‍ എടുത്ത് കാണിച്ച വ്യക്തിയാണ് ഷിംന. കേരളത്തിലാകെ വാക്‌സിനേഷന്‍ പദ്ധതികള്‍ക്ക് വലിയ ഊര്‍ജ്ജമായി മാറിയ ഒരു പ്രവൃത്തി,’ ജിനേഷ് പ്രതികരിച്ചു.

വാര്‍ത്താ സമ്മേളനത്തിനിടയില്‍ ടി. പി സെന്‍കുമാര്‍ വര്‍ഗീയതയാണ് പറയുന്നതെന്നും അതൊരു മുസ്‌ലിം ആയതു കൊണ്ടാണെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു.

‘എന്തൊരു വര്‍ഗ്ഗീയതയാ പറഞ്ഞുകൊണ്ടിരുന്നത്. ആ ഷിംനയുടെ പേരു തന്നെ ഇങ്ങനെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിയ്ക്കുകയാണു. അതൊരു മുസ്ലിം കൊച്ച് ആയോണ്ട്,’ മാധ്യമപ്രവര്‍ത്തക പറഞ്ഞു.

വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ മറ്റു ധാരാളം ഡോക്ടര്‍മാര്‍ പ്രതികരിച്ചുണ്ടെങ്കിലും സെന്‍കുമാകര്‍ ഷിംന അസീസിന്റെ പേരുമാത്രം പരാമര്‍ശിക്കുകയായിരുന്നു ജിനേഷ് പി. എസ് പറഞ്ഞു.

അതേസമയം വാക്‌സിനേഷന്‍ വിരുദ്ധ പ്രചാരണക്കാലത്ത് അതിനെതിരെ പ്രതികരിച്ചുവെന്ന് ഷിംന വ്യക്തമാക്കി. വാക്‌സിനേഷന്‍ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ പ്രതികരിച്ച 30ലധികം വരുന്ന പോസ്റ്റുകളുടെ ലിങ്കുകളും ഷിംന പങ്കുവെച്ചു.