ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, ക്രിസ്ത്യൻ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കും; മുസ്ലീങ്ങളെ ഒഴിവാക്കി അമിത് ഷായുടെ പൗരത്വ പ്രഖ്യാപനം

ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, ക്രിസ്ത്യൻ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കും; മുസ്ലീങ്ങളെ ഒഴിവാക്കി അമിത് ഷായുടെ പൗരത്വ പ്രഖ്യാപനം
October 01 16:55 2019 Print This Article

രാജ്യത്താകെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിന് മുമ്പായി, പൗരത്വ നിയമം കൊണ്ടുവന്ന് ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, ക്രിസ്ത്യൻ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീങ്ങളെ ഒഴിവാക്കിയാണ് അമിത് ഷാ ഇക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞത്. കൊല്‍ക്കത്തയില്‍ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട ബിജെപി പരിപാടിയില്‍ പ്രസംഗിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, ക്രിസ്ത്യൻ അഭയാർത്ഥികളോട് രാജ്യം വിടാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടില്ല എന്ന് അമിത് ഷാ പറഞ്ഞു. അഭയാര്‍ത്ഥികളെ മതം തിരിച്ച് പരസ്യമായി പറയുകയും മുസ്ലീങ്ങളെ വിദേശികളായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ടുള്ള പ്രസംഗം നേരത്തെയും അമിത് ഷാ നടത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്.

അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൌരത്വം നൽകുന്നതിനായുള്ള ബിൽ 2016ൽ രാജ്യസഭയിൽ ബിജെപി കൊണ്ടുവന്നിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസുകാർ ബഹളം വച്ച് തടസപ്പെടുത്തിയത് മൂലം ഈ ബിൽ നടപ്പാക്കാനായില്ല. എൻആർസി നടപ്പാക്കിയാൽ ലക്ഷക്കണക്കിന് ഹിന്ദുക്കൾ രാജ്യത്ത് നിന്ന് പുറത്താകുമെന്നാണ് മമത ബാനർജി പറയുന്നത്. ഇതിലും വലിയൊരു നുണ വേറെയില്ല. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ഇത് ഒരിക്കലുമുണ്ടാകില്ല. രാജ്യത്തെല്ലായിടത്തും ദേശീയ പൗരത്വ പട്ടിക നടപ്പാക്കി, ‘നിയമവിരുദ്ധ’ കുടിയേറ്റക്കാരെ പുറത്താക്കും. തൃണമൂല്‍ കോണ്‍ഗ്രസ് എത്ര എതിര്‍ത്താലും പശ്ചിമ ബംഗാളില്‍ പൗരത്വ പട്ടിക ബിജെപി നടപ്പാക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അമിത് ഷാ പറഞ്ഞു. അതേസമയം ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിന് മുമ്പായി പൗരത്വ നിയമം കൊണ്ടുവരും.

ദുര്‍ഗാപൂജ പന്തലുകള്‍ ഉദ്ഘാടനം ചെയ്ത അമിത് ഷാ തൃണമൂലിനേയും മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കടന്നാക്രമിച്ചു. വോട്ട് ബാങ്കിനായി മമത ‘നുഴഞ്ഞുകയറ്റക്കാരെ’ സംരക്ഷിക്കുകയാണ് എന്ന് അമിത് ഷാ ആരോപിച്ചു. ഈ ‘നുഴഞ്ഞുകയറ്റക്കാര്‍’ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്തിരുന്ന കാലത്ത് ദീദി ഇവരെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ ഇവര്‍ തൃണമൂലിന് വോട്ട് ചെയ്യുമ്പോള്‍ ഇവരെ സംരക്ഷിക്കുകയാണ്. ദേശീയ താല്‍പര്യമാണ് ഏത് പാര്‍ട്ടിയുടെ താല്‍പര്യത്തേക്കാളും വലുത്. ദീദി പറയുന്നത് എന്‍ആര്‍സി നടപ്പാക്കാന്‍ അനുവദിക്കില്ല എന്നാണ്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരനും ഇവിടെ നില്‍ക്കാന്‍ കഴിയില്ല. അതേസമയം ‘അഭയാര്‍ത്ഥി’കള്‍ക്ക് എങ്ങോട്ടും പോകേണ്ടി വരില്ല. ഇത് ബിജെപിയുടെ വാക്കാണ് – അമിത് ഷാ പറഞ്ഞു.

പൗരത്വ പട്ടികയ്‌ക്കെതിരെ ശക്തമായ പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി മമത, കൊല്‍ക്കത്തയില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ അമിത് ഷായെ കണ്ടപ്പോളും മമത ഇക്കാര്യം പറഞ്ഞിരുന്നു. ഇന്ത്യക്കാരായവരെ വിദേശികളെന്ന് പറഞ്ഞ് പുറന്തള്ളുകയാണ്. ഇവര്‍ അസമീസ്, ഹിന്ദ, ബംഗാളി ഭാഷകള്‍ സംസാരിക്കുന്നവരാണ്. പൗരത്വ പട്ടികയുടെ ആവശ്യം ബംഗാളിലില്ല എന്നും മമത പറഞ്ഞിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles