‘രാഞ്ജന'(2013) എന്ന ചിത്രത്തിനു ശേഷം ധനുഷും സംവിധായകൻ ആനന്ദ് എൽ റായ് വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ധനുഷിനൊപ്പം ഋത്വിക് റോഷനും സാറാ അലിഖാനും ഉണ്ടായിരിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് ഋത്വിക് റോഷൻ, സാറാ അലിഖാൻ എന്നിവർക്കൊപ്പം ആനന്ദ് എൽ റായ് ഒന്നിക്കുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ സൂപ്പർ 30 മികച്ച റിപ്പോർട്ടുകൾ ലഭിച്ച് മുന്നേറുമ്പോൾ, വേറിട്ട സ്ക്രിപ്റ്റുകളുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഋത്വിക് റോഷൻ. ധനുഷ്, ഋത്വിക്, സാറാ അലിഖാൻ ചിത്രം വരുന്നു എന്ന റിപ്പോർട്ട് പുറത്തു വന്നപ്പോൾ മുതൽ ആരാധകരും ഏറെ പ്രതീക്ഷയിലാണെങ്കിലും ചിത്രത്തിന്റെ കഥയോ കഥാപാത്രങ്ങളുടെ കൂടുതൽ വിവരങ്ങളോ ഒന്നും തന്നെ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആരുടെ നായികയായാവും സാറാ എത്തുന്നതെന്നും വ്യക്തമല്ല.

കളർ യെല്ലോ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് സംവിധായകൻ ആനന്ദ് ഋത്വിക് റോഷൻ, സാറാ അലിഖാൻ, ധനുഷ് എന്നിവരോട് സംസാരിച്ചതായും കളർ യെല്ലോ ഫിലിംസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും വാർത്തകളുണ്ട്.

ഈ വർഷം ആദ്യത്തിലാണ് ആവേശകരമായ ആറു പ്രൊജക്റ്റുകൾ ഈ വർഷമുണ്ടാകുമെന്ന് കളർ യെല്ലോ പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചത്. ഈ സിനിമകളെല്ലാം തന്നെ ആശയങ്ങളിലും അവതരണത്തിലും വ്യത്യസ്തമായ, വിവിധ ഴോണറുകളിൽ പെടുന്ന ചിത്രങ്ങളാവുമെന്നും കളർ യെല്ലോ പ്രൊഡക്ഷൻ വക്താവ് പറയുന്നു.സ്കെയിലിലും തരത്തിലും വ്യത്യസ്തമായിരിക്കും”, കളർ യെല്ലോ പ്രൊഡക്ഷൻസ് വക്താവ് പറഞ്ഞു.

മുൻപ് ആനന്ദ് റായിയ്ക്ക് ഒപ്പം ധനുഷ് സഹകരിച്ച ‘രാഞ്ജന’ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷിന്റെ കുന്ദൻ ശങ്കർ എന്ന കഥാപാത്രവും ഏറെ നിരൂപക പ്രശംസ നേടിയ ഒന്നായിരുന്നു. ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ‘രാഞ്ജന’. മുസ്ലീം യുവതിയുടേയും ഹിന്ദു യുവാവിന്റേയും പ്രണയകഥ പറഞ്ഞ ചിത്രത്തിൽ സോനം കപൂറാണ് ധനുഷിന്റെ നായികയായി എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ അവാര്‍ഡും ധനുഷും നേടിയിരുന്നു. നൂറുകോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചിരുന്നു.

വെട്രിമാരൻ ചിത്രം ‘അസുരനാ’ണ് റിലീസിനെത്താനുള്ള ധനുഷ് ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ‘അസുരൻ’. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. മലയാള ഇതര ഭാഷാചിത്രങ്ങളിലേക്കുള്ള മഞ്ജു വാര്യരുടെ ആദ്യത്തെ ചുവടുവെപ്പാണ് ‘അസുരൻ’.

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്. ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.