അയോഗ്യതക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലിലെ തീരുമാനം പാരീസ് ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പെന്ന് ലോക കായിക തര്‍ക്ക പരിഹാര കോടതി. വെള്ളിയാഴ്ച കോടതി തന്നെ അറിയിച്ചതാണിത്. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങ് ഓഗസ്റ്റ് 11 ഞായറാഴ്ചയാണ്. ഓഗസ്റ്റ് ഏഴാം തീയതി വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതായിരുന്നു കാരണം.
അയോഗ്യതക്കെതിരേ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഇത് ശുഭസൂചനയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏഴാം തീയതി ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ സംഭവത്തിലായിരുന്നു അപ്പീല്‍. ഫൈനലില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം ആദ്യം അപ്പീല്‍ സമര്‍പ്പിച്ചത്. പക്ഷേ അപ്പീല്‍ പരിഗണിക്കുമ്പോഴേക്കും ഫൈനല്‍ മത്സരം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യം ഉന്നയിച്ച് അപ്പീല്‍ തിരുത്തുകയായിരുന്നു. ഇതിലാണ് നിര്‍ണായക വിധിവരാനുള്ളത്.
വിനേഷിനായി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും വിദുഷ്പത് സിംഘാനിയുമാണ് കോടതിയില്‍ ഹാജരായത്. വിനേഷിന് അനുകൂലമായ വിധിയുണ്ടാകുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്. കോടതി ഫോഗട്ടിന് അനുകൂലമായി വിധി പ്രസ്താവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി മെഡല്‍ പങ്കുവെയ്ക്കേണ്ടതായി വരും.
Leave a Reply