ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞദിവസം യുകെയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽനിന്ന് ബഹുരാഷ്ട്ര ഭീമനായ യൂബർ ടാക്സിക്കെതിരെ വന്ന ഉത്തരവ് നിരവധി മലയാളികൾക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. യൂബർ ടാക്സിയിൽ ജോലിചെയ്യുന്നവർക്ക് കമ്പനി അടിസ്ഥാന വേതനവും ഹോളിഡേ ആനുകൂല്യങ്ങളും നൽകണമെന്നാണ് ഉത്തരവ് . തങ്ങൾ ഒരു ബുക്കിംഗ് ഏജൻ്റ് മാത്രമാണ് , ഡ്രൈവർമാരെ കോൺട്രാക്ട് വ്യവസ്ഥയിൽ വാടകയ്ക്ക് എടുത്തിരിക്കുന്നതാണെന്ന യൂബറിൻ്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് തൊഴിലാളി പക്ഷത്തു നിൽക്കുന്ന കോടതി വിധി.

പ്രസ്തുത വിധിയുടെ ആനുകൂല്യങ്ങൾ മറ്റ് ടാക്സി കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ലഭിക്കാൻ സാധ്യതയുണ്ടോയെന്ന് നിയമ വിദഗ്ധർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വിധി വന്നതോടെ യൂബറിൻ്റെ ഷെയറുകളുടെ വിലയിൽ കുറവ് രേഖപ്പെടുത്തി . ആറു വർഷത്തോളം നീണ്ടുനിന്ന നിയമ പോരാട്ടത്തിനാണ് അന്ത്യമായത് . എന്തായാലും യൂബറിനെതിരേയുള്ള വിധി മറ്റ് ടാക്സി കമ്പനികൾക്കും ബാധകമാകുകയാണെങ്കിൽ നിരവധി മലയാളികളുടെ ജീവിതത്തിന് അത് തുണയാകും.