ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കുടുംബമായി എത്തിച്ചേർന്ന എല്ലാ മലയാളികളുടെയും ഏറ്റവും പ്രധാന ആഗ്രഹങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത്. ഭവന വിപണിയിലെ ഉയർച്ച താഴ്ചകൾ മൂലം പലപ്പോഴും ശരിയായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ പലർക്കും കഴിയില്ല. പലിശ നിരക്കുകളിലെ കൂടുതലു കൊണ്ട് പലരും ഭവന വിപണിയിൽ നിന്ന് പിന്നോക്കം മാറി നിന്നതായാണ് അറിയാൻ കഴിയുന്നത്. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യം ഭവന വിപണിയെ ഏതെങ്കിലും രീതിയിൽ സ്വാധീനിക്കും എന്നത് യുകെയിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഉറ്റുനോക്കുന്ന വസ്തുതയാണ്.

തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടാതെ വരുന്നതു പോലുള്ള സാഹചര്യം ഉണ്ടായാൽ ഭവന വിപണിയിൽ അത് വലിയതോതിൽ പ്രതിഫലിക്കും എന്നാണ് വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നത്. സ്ഥിരതയുള്ള ഗവൺമെൻ്റാണ് വരുന്നതെങ്കിൽ ഭവന വിപണി ശരാശരി 6.9 ശതമാനം വില ഉയരുമെന്നാണ് പ്രവചനം. തൂക്കു പാർലമെന്റിന്റെ സമയത്തെ അനിശ്ചിതത്തിൽ വിപണിയിൽ പണം മുടക്കാൻ ആൾക്കാർ മടിക്കുന്നത് മൂലമാണ് വില ഇടിയാനുള്ള സാധ്യത ഉയർന്നു വരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യുകെയിലെ ഒരു തൂക്കു പാർലമെൻറ് വരാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞകാല അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി വളരെ മുന്നിലാണ്. എന്നിരുന്നാലും പത്ത് ബ്രിട്ടീഷുകാരിൽ നാല് പേർ മാത്രമേ തിരഞ്ഞെടുപ്പിൽ ആർക്കു വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചുള്ളൂ എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതുകൊണ്ടു തന്നെ ബ്രിട്ടീഷ് രാഷ്ട്രീയം പ്രവചനാതീതമാണ് എന്ന് പറയാം .

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചന മെയ് മാസത്തിലെ അവലോകനത്തിൽ നൽകിയിരുന്നു. കഴിഞ്ഞ കാലങ്ങളിൽ പണപ്പെരുപ്പത്തിലുണ്ടായ കുറവാണ് ഇതിന് കാരണമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചൂണ്ടി കാണിച്ചത്. പ്രതീക്ഷിച്ചതു പോലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ ഒരുപക്ഷേ ഭവന വിപണിയിൽ വീടുകളുടെ വില ഉയരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കൂടുതൽ ആളുകൾ ഭവന വിപണിയിലേയ്ക്ക് ആകർഷിക്കപ്പെടുന്നതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.