ജോജി തോമസ്

കഴിഞ്ഞദിവസം ബ്രിട്ടനിലെ പ്രമുഖ മാധ്യമങ്ങളിലെ പ്രധാന വാർത്തകളിലൊന്ന് ഇന്ത്യ ബ്രിട്ടനിലേയ്ക്കുള്ള കോവിഡ് വാക്സിന്റെ കയറ്റുമതിയിൽ വരുത്തിയ നിയന്ത്രണങ്ങളും ,അത് ബ്രിട്ടീഷ് ആരോഗ്യരംഗത്ത് വരുത്തുന്ന പ്രത്യാഘാതങ്ങളുമായിരുന്നു . ഇന്ത്യയിൽ ഉയർന്ന് കൊണ്ടിരിക്കുന്ന കോവിഡ് വ്യാപന നിരക്കും, സ്വന്തം പൗരൻമാർക്ക് വാക്സിൻ നൽകേണ്ടതിന്റെ ആവശ്യകതയുമാണ് ഇന്ത്യ ഗവണ്മെൻറ് കോവിഡ് വാക്സിന്റെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പറഞ്ഞ കാരണങ്ങൾ. എന്നാൽ ഈ ന്യായീകരണങ്ങൾ പലതും വിശ്വാസയോഗ്യമല്ലെന്നും കർഷക സമരത്തോട് ബ്രിട്ടന്റെ ഭാഗത്തുനിന്നുണ്ടായ അനുഭാവപൂർവ്വമായ നിലപാടുകളാണ് കോവിഡ് വാക്സിൻ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ മോദി ഗവൺമെന്റിനെ പ്രേരിപ്പിച്ചതെന്നുമാണ് പിന്നാമ്പുറ സംസാരം. ഇന്ത്യ കോവിഡ് വാക്സിൻ മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് അന്താരാഷ്ട്ര ധാരണകളുടെയും കരാറുകളുടെയും അടിസ്ഥാനത്തിലാവും. ഇത്തരത്തിലുള്ള കരാറുകളും ധാരണകളും രൂപപ്പെടുന്നതിനും മുൻപുതന്നെ ഏതൊരു രാജ്യവും സ്വന്തം രാജ്യത്തെ പൗരൻമാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും അതിനായുള്ള വിഭവങ്ങളും ഉത്പാദന ശേഷിയും മാറ്റി വയ്ക്കുകയും ചെയ്യും. കാരണം നമ്മളൊരു അതിഥിയെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമ്പോൾ കൂടുതൽ ഭക്ഷണം പാചകം ചെയ്യാൻ ശ്രമിക്കും . അല്ലാതെ വീട്ടിലുള്ളവരെ പട്ടിണിക്കിട്ട് അവർക്ക് കഴിക്കാനുള്ളത് ക്ഷണിക്കപ്പെട്ട് വരുന്ന അതിഥികൾക്ക് നൽകാറില്ല.

നരേന്ദ്രമോദി ഗവൺമെൻറ് മറ്റു രാജ്യങ്ങളുടെ അഭിപ്രായങ്ങളോട് ഇത്തരത്തിൽ കടുത്ത പ്രതികരണം നടത്തുന്നത് ആദ്യ സംഭവമല്ല. പൗരത്വഭേദഗതി നിയമത്തിലും ,കാശ്മീർ വിഷയത്തിലും അഭിപ്രായപ്രകടനങ്ങൾ നടത്തിയ മലേഷ്യയെ അവിടെ നിന്നുള്ള പാമോയിൽ ഇറക്കുമതി നിയന്ത്രിച്ചാണ് തിരിച്ചടി നൽകിയത്. ഇന്ത്യയിലെ വൈകാരിക പ്രശ്നമായ കാശ്മീർ വിഷയത്തിൽ നൽകിയ തിരിച്ചടി ന്യായീകരിക്കാമെങ്കിലും, പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് നേപ്പാളിൻ മേൽ നടത്തിയ കുതിരകയറ്റം ഗുണത്തെക്കാൾ കൂടുതൽ ദോഷമാണ് ഉണ്ടാക്കിയത്. നേപ്പാൾ കൂടുതലായി ചൈനീസ് ആശ്രയത്തിലായി എന്നതാണ് ആത്യന്തിക ഫലം.

ബ്രിട്ടനിലെ ന്യൂനപക്ഷ സമൂഹത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യക്കാരാണ്. വാക്സിൻ രാഷ്ട്രീയം ചൂടുപിടിക്കുകയും ബ്രിട്ടന്റെ കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പാളുകയും ചെയ്താൽ അതൊരു വൈകാരിക പ്രശ്നമായി വളരാൻ സാധ്യതയുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് തൊഴിലിടങ്ങളിൽ ഉൾപ്പെടെ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയാവില്ല. പുതിയ തൊഴിലിന് അപേക്ഷിക്കുമ്പോൾ തുടങ്ങി , നേഴ്സിംഗ് മേഖലയിൽ ഇന്ത്യയിൽനിന്ന് നടക്കുന്ന വ്യാപകമായ റിക്രൂട്ട്മെന്റിൽ പോലും വിവേചനം അനുഭവിക്കേണ്ടി വന്നേക്കാം. ശക്തമായ നിയമങ്ങളുടെ പിൻബലം ഉണ്ടെങ്കിലും, ബ്രിട്ടീഷ് സമൂഹത്തിൽ ഇന്നും വർഗ്ഗപരമായ വിവേചനമുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. എങ്കിലും ഇന്ത്യക്കാരുടെ ബൗദ്‌ധിക നിലവാരത്തിനും, കഠിനാധ്വാനത്തിനും തൊഴിലിടങ്ങളിലുൾപ്പെടെ ഒരു ആദരവ് ലഭിച്ചിരുന്നു. എന്നാൽ ഇതിനൊക്കെ തിരിച്ചടിയാകുന്നതാണ് മോദിയുടെ പുതിയ രാഷ്ട്രീയം .

ഇന്ത്യക്കാർ പ്രവാസികളായി ഏതൊക്കെ രാജ്യത്ത് പോയിരുന്നോ, ആ രാജ്യങ്ങളെയൊക്കെ പോറ്റമ്മയുടെ സ്ഥാനത്തേ കണ്ടിരുന്നുള്ളൂ. അവരുടെ ഇഷ്ടക്കൂടുതൽ കൂടുതലും മാതൃ രാജ്യത്തോടു തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും കൂടുതൽ നടത്തിയതും മാതൃരാജ്യത്താണ്. പ്രവാസികളുടെ വിയർപ്പിലൂടെ ഒഴുകിയെത്തിയ വിദേശനാണ്യം ഇന്ത്യയുടെ വികസനത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. ഇത്തരത്തിൽ ഏറ്റവുമധികം വിദേശനാണ്യം നേടിയിരിക്കുന്ന രാജ്യവും ഇന്ത്യയാണ്. 2017 – 2018 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാരുടെ സംഭാവന 4 ലക്ഷം കോടി രൂപയിലേറെയാണ്. എന്നാൽ പ്രവാസികൾ ഇന്ത്യയിൽ എന്നും രണ്ടാംകിട പൗരന്മാരാണ്. ഇരട്ടപൗരത്വമോ, വോട്ടവകാശമോ ഒന്നും പരിഗണനയിൽ പോലുമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡിനെതിരെയുള്ള മരുന്നായി ഒരുകാലത്ത് കരുതിയിരുന്ന ഹൈഡ്രോക്സി ക്ലോറിക്കൂവിന്റെ അമേരിക്കയിലേയ്ക്കുള്ള കയറ്റുമതി ഒരുകാലത്ത് ഇന്ത്യ നിരോധിച്ചെങ്കിലും ട്രംമ്പൊന്ന് കണ്ണുരുട്ടിയപ്പോൾ അതൊന്നും നടപ്പാക്കിയില്ല. അന്ന് അമേരിക്കയുമായി പ്രത്യേകിച്ച് മരുന്ന് നൽകാമെന്ന് ധാരണ പോലും ഇല്ലാതിരുന്നു. അതുകൊണ്ടുതന്നെ വ്യക്തമായ ധാരണകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേയ്ക്ക് കയറ്റുമതി ചെയ്യാൻ പദ്ധതിയിട്ട കോവിഡ് വാക്സിൻ രാഷ്ട്രീയ ഭിന്നതകളുടെ പേരിൽ തടസ്സപ്പെടുകയാണെങ്കിൽ ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്ര രംഗത്ത് മോശമാകാനേ ഉപകരിക്കൂ.

 

ലേഖകൻ മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന രാഷ്ട്രീയ സാമൂഹിക നിരീക്ഷകനുമാണ്.