ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സോഷ്യൽ മീഡിയകളിൽ തങ്ങളുടെ വിവാഹ ജീവിതത്തെ സംബന്ധിച്ച് ഉണ്ടായിരിക്കുന്ന അഭ്യൂഹങ്ങൾ വില്യം -കെയ്റ്റ് ദമ്പതികളെ ആശ്ചര്യപ്പെടുത്തുന്നതാണെന്നും, അടുത്ത മാസമുള്ള പൊതുപരിപാടികൾ കെയ്റ്റിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച ആശങ്കകൾക്ക് വിരാമമിടുമെന്നുമാണ് ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി 16 -ന് നടന്ന ഓപ്പറേഷനു ശേഷം പൊതുപരിപാടികളിൽ ഒന്നും തന്നെ കെയ്റ്റ് പങ്കെടുക്കാതിരുന്നത് അവരുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച നിരവധി വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. അതോടൊപ്പം തന്നെ മാതൃദിനത്തിൽ കെയ്റ്റ് പങ്കുവെച്ച കുടുംബ ഫോട്ടോ കൃത്രിമം ആണെന്നുള്ള വാർത്തകൾ പുറത്തുവന്നതും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കി. എന്നാൽ എഡിറ്റിംഗ് പരിശീലിക്കുന്ന താനാണ് അത് ചെയ്തതെന്നുള്ള ഉത്തരവാദിത്വം കെയ്റ്റ് ഏറ്റെടുത്തിരുന്നു. ആ ചിത്രത്തിൽ കെയ്റ്റ് വിവാഹമോതിരം അണിഞ്ഞിരുന്നില്ലെന്ന കണ്ടെത്തലും ഇരുവരുടെയും വിവാഹ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടെന്ന സോഷ്യൽ മീഡിയ പ്രചരണത്തിലേക്ക് നയിച്ചു.
എന്നാൽ ഏപ്രിൽ 23ന് ആഘോഷിക്കുന്ന തങ്ങളുടെ ഇളയ മകൻ ലൂയിസിന്റെ പിറന്നാളിൽ പരമ്പരാഗതമായി രാജകുടുംബം ചെയ്യുന്നതുപോലെ, വില്യമും കെയ്റ്റും തങ്ങളുടെ കുടുംബ ചിത്രം പങ്കുവയ്ക്കുമെന്ന വാർത്തയാണ് അടുത്ത സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്നത്. അതോടൊപ്പം തന്നെ നിലവിൽ ഉണ്ടായിരിക്കുന്ന വിവാദങ്ങൾക്ക് എല്ലാം തന്നെ ദമ്പതികൾ ഈ അവസരത്തിൽ മറുപടി പറയുമെന്നുമാണ് പുറത്തു വന്നിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
വില്യമും കെയ്റ്റും രഹസ്യങ്ങൾ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ലെന്നും, ഉടൻ തന്നെ ഇരുവരും മാധ്യമങ്ങൾക്ക് മുൻപിൽ എത്തുമെന്നുമാണ് അടുത്ത വൃത്തങ്ങൾ എല്ലാം തന്നെ വ്യക്തമാക്കുന്നത്. അവരുടെ കുട്ടികളോടുള്ള പൊതുജനങ്ങളുടെ താത്പര്യത്തെയും സ്നേഹത്തെയും ബഹുമാനിക്കുന്നുണ്ടെന്നും, ജന്മദിനത്തിൽ കുട്ടികളെ കാണാനുള്ള പൊതുജനങ്ങളുടെ താല്പര്യം മാനിച്ച് അവർ മാധ്യമങ്ങൾക്ക് മുൻപിൽ എത്തുകയും ചെയ്യുമെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു.
Leave a Reply