ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു എസ് :- ചാൾസ് രാജാവായതിനു ശേഷമുള്ള തങ്ങളുടെ ആദ്യ വിദേശ യാത്രയിൽ വെയിൽസ് രാജകുമാരനായ വില്യമും ഭാര്യ കെയ്റ്റും അമേരിക്കയിലെ ബോസ്റ്റണിൽ എത്തി. റോയൽ ഫൗണ്ടേഷൻ നൽകുന്ന എർത്ത്‌ഷോട്ട് പരിസ്ഥിതി പുരസ്കാരത്തിന്റെ ബോസ്റ്റൺ ലോഞ്ച് ഇവന്റിൽ വില്യമും കേറ്റും പോഡിയത്തിൽ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, നഗരത്തിന്റെ പരിസ്ഥിതി മേധാവിയായ റവറന്റ് മരിയാമ വൈറ്റ്-ഹാമണ്ട് നടത്തിയ പ്രസംഗം പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. കോളനിവൽക്കരണത്തിന്റെയും വംശീയതയുടെയും പൈതൃകം കാലാവസ്ഥാ വ്യതിയാനത്തിൽ ചെലുത്തുന്ന സ്വാധീനത്തെ സംബന്ധിച്ചാണ് അവർ തന്റെ പ്രസംഗത്തിൽ സംസാരിച്ചത്. ചൊവ്വാഴ്ച രാത്രി ക്വീൻ കൺസോർട്ട് കാമില ആതിഥേയത്വം വഹിച്ച ഒരു പരിപാടിയിൽ വില്യമിന്റെ ഗോഡ് മദറായ ലേഡി സൂസൻ ഹസ്സി കറുത്തവർഗക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എൻഗോസി ഫുലാനിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന വിവാദം വന്നതിന് തൊട്ടു പിന്നാലെയാണ് ഇപ്പോൾ പുതിയ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.

കാലാവസ്ഥ വ്യതിയാനത്തിലും, പരിസ്ഥിതിയുടെ നശീകരണത്തിലും കോളനിവൽക്കരണത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടെന്നാണ് ഹാമണ്ട് വില്യമും കെയ്റ്റും ഉണ്ടായിരുന്ന സദസ്സിൽ വച്ച് വ്യക്തമാക്കിയത്. ഹാമണ്ട് നടത്തിയ പ്രസ്താവനകളെ മാധ്യമങ്ങളെല്ലാം തന്നെ ബ്രിട്ടനിൽ രാജകൊട്ടാരത്തിൽ നടന്ന പുതിയ വിവാദവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. വംശീയതയെയും കൊളോണിയലിസത്തെയും കുറിച്ചുള്ള പരാമർശങ്ങൾ അന്തരീക്ഷത്തിൽ നില നിൽക്കുമ്പോഴും, പുഞ്ചിരിയോടെ തന്നെയാണ് വില്യം സ്റ്റേജിലേക്ക് കയറിയത്.

ബഹിരാകാശ വിഷയങ്ങളിൽ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ പ്രയത്നങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ തന്നെയും പ്രേരിപ്പിച്ചതായി വില്യം വ്യക്തമാക്കി. ഈ വർഷത്തെ അവാർഡ് ദാന ചടങ്ങ് പ്രസിഡന്റ് കെന്നഡിയുടെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ മകളോടൊപ്പവും അദ്ദേഹത്തിന്റെ പാരമ്പര്യം തുടരുന്ന ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയും നടത്തുന്നതിൽ സന്തോഷം ഉണ്ടെന്നും വില്യം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. നിലവിൽ ഓസ്‌ട്രേലിയയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിക്കുന്ന, കൊല്ലപ്പെട്ട പ്രസിഡന്റ് കെന്നെഡിയുടെ മകൾ കരോലിൻ ഈ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും, യാത്രാ പദ്ധതികൾ തടസ്സപ്പെട്ടതിനാൽ അവർക്ക് പങ്കെടുക്കാനായില്ല. നിലവിലെ സാഹചര്യത്തിൽ പുതിയ വിവാദങ്ങളോട് വെയിൽസ് രാജകുമാരനും ഭാര്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.











Leave a Reply