ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വാഷിങ്ടൺ : രാജ്യത്തെ നടുക്കിയ ക്യാപിറ്റോൾ കലാപത്തിനായി ജനങ്ങളെ പ്രേരിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. യുഎസ് ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിൽ 197നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായത്. പത്തു റിപ്പബ്ലിക്കൻ സ്ഥാനാർഥികളും ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്നു. ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് നടപടികളിലേക്കു കടന്നത്. അമേരിക്കൻ ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച് ചെയപ്പെടുന്ന പ്രസിഡന്റ് കൂടിയാണ് ട്രംപ്. ട്രംപ് ഇനിയും സെനറ്റിൽ വിചാരണ നേരിടേണ്ടതായി വരും. സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്കന്മാർ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ.

അതേസമയം ജനുവരി 20ന് മുൻപ് വിചാരണ നടപടികൾ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനെതിരായി പരാജയപ്പെട്ടതിനെ തുടർന്ന് ട്രംപ് അടുത്ത ബുധനാഴ്ച സ്ഥാനം ഒഴിയാനിരിക്കുകയാണ്. 20നു നടക്കുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഈ സാഹചര്യത്തിൽ കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. കോൺഗ്രസിലെ വോട്ടെടുപ്പിന് ശേഷം പുറത്തിറക്കിയ വീഡിയോയിൽ ട്രംപ് തന്റെ അനുയായികളോട് സമാധാനപരമായി തുടരാൻ ആഹ്വാനം ചെയ്തുവെങ്കിലും ഇംപീച്ച് ചെയ്യപ്പെട്ടുവെന്ന കാര്യം പരാമർശിച്ചിട്ടില്ല. “എന്റെ യഥാർത്ഥ പിന്തുണക്കാരാരും ഒരിക്കലും രാഷ്ട്രീയ അതിക്രമത്തെ അംഗീകരിക്കില്ല.” ട്രംപ് കൂട്ടിച്ചേർത്തു.

ഇംപീച്ച്മെന്റ് നടപടി പൂർത്തിയായാൽ ട്രംപിന് ഇനിയൊരിക്കലും മൽസരിക്കാനാവില്ല. മാത്രമല്ല, 1958 ലെ ഫോർമർ പ്രസിഡന്റ്സ് ആക്ട് അനുസരിച്ച്, മുൻ പ്രസിഡന്റുമാർക്ക് അനുവദിക്കുന്ന പെൻഷൻ, ആരോഗ്യ ഇൻഷുറൻസ്, സുരക്ഷ തുടങ്ങിയവയ്ക്കും വിലക്കുണ്ടാകും. ഇംപീച്ച്‌മെന്റിലൂടെ ഒരു യുഎസ് പ്രസിഡന്റിനെയും ഇതുവരെ സ്ഥാനത്തു നിന്ന് നീക്കിയിട്ടില്ല. ട്രംപിനെ 2019 ൽ സഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി. 1998 ൽ ബിൽ ക്ലിന്റണെയും 1868 ൽ ആൻഡ്രൂ ജോൺസണെയും അങ്ങനെ തന്നെ.