രാജേഷ് നടേപ്പള്ളിൽ, മീഡിയ കോർഡിനേറ്റർ
ഇക്കഴിഞ്ഞ ജനുവരി 23ന് സ്വിൻഡനിൽ മരണമടഞ്ഞ അരുൺ വിൻസന്റിന് യാത്രാമൊഴിയേകി സ്വിൻഡനിലെ മലയാളി സമൂഹം. വിൽഷെയർ മലയാളി സമൂഹവും ബന്ധുമിത്രാദികളും ചേർന്നടങ്ങിയ വലിയൊരു മലയാളി സമൂഹമാണ് അന്ത്യോപചാരമർപ്പിക്കുവാൻ സ്വിൻഡനിലെ ഹോളി ഫാമിലി ചർച്ചിൽ ഒത്തുചേർന്നത് .

സ്വപ്നങ്ങൾ മൊട്ടിടുന്നതിനു മുൻപായി അകാലത്തിൽ യാത്രയാകേണ്ടിവന്ന അരുൺ വിൻസെന്റിന്റെ പൊതുദർശന ശുശ്രൂഷകൾ ദുഃഖം ഏറെ തളം കെട്ടി നിന്ന അന്തരീക്ഷത്തിലാണ് നടന്നത്. അരുൺ – ലിയ ദമ്പതികൾക്ക് ആറും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളാണുള്ളത്. അരുണിന്റെ വിയോഗത്തിൽ തളർന്നുപോയ കുടുംബത്തോടൊപ്പം വലിയ സാന്ദ്വനമായി വിൽഷെയർ മലയാളീ സമൂഹം കൂടെയുണ്ട്. അരുണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും വിൽഷെയർ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

അസോസിയേഷന്റെ നേതൃത്വത്തിൽ ഏറെ ഭംഗിയായും ചിട്ടയായും ആണ് പൊതുദർശന വേള ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ക്രമീകരിക്കപ്പെട്ടത്. പൊതുദർശനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുർബാനയിൽ ഫാദർ ഷാൽബിൻ മരോട്ടിക്കുഴി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട അനുശോചന സമ്മേളനത്തിൽ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു് അനുശോചനമറിയിക്കുകയുണ്ടായി. വിൽഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് അനുശോചനയോഗം ഏറെ കൃത്യതയോടെ ക്രോഡീകരിച്ചു.

പൊതുദർശനത്തോടനുബന്ധിച്ച് നടത്തിയ അനുശോചന സമ്മേളനത്തിൽ അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനോസ് മെട്രോപൊളിറ്റൻ തിരുമേനി അനുശോചനം അറിയിച്ചു പ്രാർത്ഥിക്കുകയുണ്ടായി. ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാദർ നാം ഡി ഓബി, ക്നാനായ ജാക്കോബൈറ്റ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാദർ സിജോ ജോസഫ്, സെന്റ് ജോർജ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിനെ പ്രതിനിധീകരിച്ച് ഫാദർ എബി ഫിലിപ്പ് , ഇന്ത്യൻ പെന്തകൊസ്തു കമ്മ്യൂണിറ്റി, സീനായി മിഷനുവേണ്ടി പാസ്റ്റർ സിജോ ജോയ് എന്നിവർ പ്രാർത്ഥനാപൂർവ്വം അന്ത്യോപചാരമാർപ്പിച്ചു . തുടർന്ന് അസോസിയേഷൻ മുൻപ്രസിഡന്റ് പ്രിൻസ്മോൻ മാത്യു, ജിജി വിക്ടർ, ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ചു വാർഡ് പ്രതിനിധികളും അന്തിമോപചാരമർപ്പിച്ചു.

സീറോ മലബാർ സ്വിൻഡൻ കമ്മ്യൂണിറ്റിക്ക് വേണ്ടി ശ്രീ ജോർജ് കുര്യാക്കോസും ബേബി ചീരനും അനുശോചനം അറിയിച്ചു. സ്വിൻഡൻ ക്നാനായ മിഷനുവേണ്ടി മാത്യു ജെയിംസ്, വിവിധ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് റെയ്‌മോൾ നിധീരി, പൂർണിമ മേനോൻ അഞ്ജന സുജിത്ത് എന്നിവർ അനുശോചനം അർപ്പിക്കുകയുണ്ടായി. തുടർന്ന് അരുൺ വിൻസന്റിന്റെ കുടുംബത്തിന് വേണ്ടി റോസ്മിയും വിൽഷെയർ മലയാളി അസ്സോസിയേഷനുവേണ്ടി ട്രെഷറർ കൃതീഷ് കൃഷ്ണൻ നന്ദിയും അറിയിച്ചു. ശവസംസ്കാര തീയതി പിന്നീടറിയിക്കുന്നതായിരിക്കും.












Leave a Reply